ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ യദേഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ ഹോട്ടലുകളില്‍ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. കണ്ണൂരില്‍ രണ്ട് ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കി. നന്ദന്‍കോട്, പൊറ്റക്കുഴി ഭാഗങ്ങളിലെ ഹോട്ടലുകളില്‍ നടന്ന പരിശോധനയില്‍ 'ഇറാനി' കുഴിമന്തിയില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പൊറ്റക്കുഴി മൂണ്‍ സിറ്റി തലശ്ശേരി ദം ബിരിയാണി, നന്ദന്‍കോട് ടിഫിന്‍ സെന്റര്‍ എന്നീ കടകള്‍ക്കും നോട്ടീസ് നല്‍കി. ഇവിടങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ബാഗുകളും പിടിച്ചെടുത്തു.തിരുവനന്തപുരം കല്ലറയില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഹെല്‍ത്ത് സ്‌ക്വാഡ് ഹോട്ടലുകളിലും ബേക്കറികളിലും കോഴിക്കടകളിലും നടത്തുന്ന പരിശോധന തുടരുകയാണ്. വൃത്തി ഹീനമല്ലാത്ത നിലയില്‍ ഫ്രീസറില്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ മാംസഹാരങ്ങള്‍ സൂക്ഷിച്ചത് പിടിച്ചെടുത്തു. തിരുവനന്തപുരം കുന്നുകുഴി ആണ്‍കുട്ടികളുടെ കെ പി ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന. ഇവിടെ നിന്നും പഴകിയ മീനും ചപ്പാത്തിയും പിടികൂടി. ഹോസ്റ്റലിന് നോട്ടീസ് നല്‍കിയ അധികൃതര്‍ ഭക്ഷണ വിതരണം നിര്‍ത്തിവെക്കാനും നിര്‍ദ്ദേശിച്ചു.