പാലിന് 6 രൂപ കൂടിയപ്പോൾ ചായയ്ക്ക് അഞ്ചു രൂപ വരെ വർധിച്ചു

പാലിന് 6 രൂപ കൂടിയപ്പോൾ ചായയ്ക്ക് അഞ്ചു രൂപ വരെ വർധിച്ചു


മിൽമ പാലിനു ലിറ്ററിന് ആറു രൂപ വർധിപ്പിച്ചപ്പോൾ തട്ടുകടകളിലടക്കം ചായയ്ക്ക് അഞ്ചു രൂപ വരെ വില ഉയർന്നു. കൊല്ലത്ത് കഴിഞ്ഞ ദിവസം വരെ 10 രൂപയ്ക്കു ലഭിക്കുമായിരുന്ന ചായയ്ക്ക് ഇന്നലെ മുതൽ 12രൂപയും 15 രൂപയുമായി വില വർധിച്ചു. സാധാരണ തട്ടുകടകളിലാണ് പത്ത് രൂപ 12രൂപയായി ഉയർന്നത്. ചെറിയ ഹോട്ടലുകളിൽ ചായയ്ക്ക് 15 രൂപ വരെ വില ഉയർന്നു. വലിയ ഹോട്ടലുകളിൽ വില ഇതിലും ഭീമമായി ഉയർന്നു. പാലുത്പന്നങ്ങളുടെ വിലയും വൈകാതെ വർധിപ്പിക്കും. പാൽപ്പൊടി, വിവിധ തരം മിഠായികൾ, തൈര്, നെയ്യ്, പുതിയ ഉത്പന്നമായ പനീർ എന്നിവയടക്കം മുഴുവൻ ഉത്പന്നങ്ങളുടെയും വില ഒരു മാസത്തിനുള്ളിൽ പുതുക്കുമെന്ന് മിൽമയിലെ ഉന്നതൻ അറിയിച്ചു.
വർധിപ്പിച്ച പാൽ വിലയുടെ 83 ശതമാനം വരെ ക്ഷീര കർഷകർക്കു ലഭിക്കുമെന്നാണ് മിൽമ പറയുന്നത്. എന്നാൽ 2019ൽ ലിറ്ററിന് 4 രൂപ വർധിപ്പിച്ചപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന്റെ കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് 50 ശതമാനം വിലകൂട്ടി. ഒരു ലിറ്റർ പാലിന് 3.25 രൂപ അന്ന് അധികവരുമാനം നൽകിയ ശേഷം കാലിത്തീറ്റയുടെ ഒരു ചാക്കിന് 140 രൂപയാണ് ക്ഷീരകർഷകരിൽ നിന്ന് അധികം വാങ്ങിയത്. ചുരുക്കത്തിൽ പാൽ വില വർധന കൊണ്ട് കർഷകർക്ക് ഒരു ​ഗുണവും കിട്ടിയില്ലെന്നു മാത്രമല്ല, ചെലവ് കൂടുകയും ചെയ്തു.
അതു തന്നെയാണ് ഇപ്പോഴും സംഭവിക്കുക. ഒരു ലിറ്റർ പാലിന് കർഷകർക്ക് ഏകദേശം അഞ്ചു രൂപ വരെ വർധിപ്പിച്ച ശേഷം കാലിത്തീറ്റയുടെ വില കുത്തനേ കൂട്ടും. കർഷകരെ സഹായിക്കാനെന്ന വ്യാജേന കാലിത്തീറ്റ കമ്പനികളെയാണ് സർക്കാർ ഫലത്തിൽ സഹായിക്കുന്നത്. രാവിലെ ഉറക്കമുണരുമ്പോൾ കുടിക്കുന്ന ഒരു കപ്പ് ചായയ്ക്കു പോലും അഞ്ചു രൂപയുടെ അധികവില ചുമത്തി വിലക്കയറ്റത്തിന്റെ ഭാണ്ഡക്കെട്ട് കൂടുതൽ ബലപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്.