ഭാരത് ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് സുധാകരൻ, എതിർക്കില്ലെന്ന് എംവി ഗോവിന്ദൻ
ബിജെപിക്കുള്ള യഥാർത്ഥ ബദൽ രാഹുൽ ഗാന്ധിയാണ്. കേരളത്തിൽ അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം, ഭാരത് ജോഡോ യാത്രയെ സിപിഎം എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. കേരള സർക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയിൽ വിമർശിച്ചാൽ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ കണ്ടെയ്നർ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഗോവിന്ദൻ മറുപടി നൽകി. ജോഡോ യാത്രയിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയാൽ ആ നിലപാടിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജയ്റാം രമേശ് വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റുമെന്നും ബ്രിട്ടാസ് പറഞ്ഞു.