വീരജവാൻ സൂരജിന് ജന്മനാടിന്റെ യാത്രാമൊഴി
ശാസ്താംകോട്ട: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ആർ.സൂരജിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഈ മാസം എട്ടിന് സൈനിക നടപടികൾ പൂർത്തിയാക്കി മടങ്ങുന്നതനിടെ മേഘാതപ പ്രൃകൃതി ക്ഷോഭത്തിൽ പെട്ടാണ് സൂരജ് വീരമൃത്യു വരിച്ചത്. ശൂരനാട് തെക്ക് ഇരവിച്ചിറ കോഴിക്കോടന്റെയ്യത്ത് പരേതനായ രവീന്ദ്രന്റെയും മണി രവീന്ദ്രന്റെയും മകനാണ് സൂരജ്.
സൂരജിന്റെ വിയോഗ വാർത്ത ശനിയാഴ്ച ഉച്ചയോടെയാണ് നാട്ടിൽ അറിയുന്നത്. അപ്പോൾ മുതൽ കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമം തുടങ്ങി. സിആർപിഎഫ് കോബ്രാ ബെറ്റാലിയനിലെ ഡെപ്യൂട്ടി കമാന്റന്റ് ജിതേഷുമായി ബന്ധപ്പെട്ട് സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കി. ജൂലൈ 9ന് വൈകുന്നേരം 4 ന് റായ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ മുംബൈയിലെത്തിച്ച മൃതദേഹം രാത്രി 9.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് കമാൻഡന്റിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി രാത്രി 12 മണിയോടെ ശാസ്താംകോട്ടയിൽ എത്തിച്ച് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. പുഷ്പാലങ്കൃത സൈനിക വാഹനത്തിൽ ദേശീയപാതക പുതപ്പിച്ചു കിടത്തിയ മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി വീര സൈനികൻ പഠിച്ച പതാരം ശാന്തിനികേതൻ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചു. സ്കൂൾ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി, പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ പൊതുദർശനത്തിനു വച്ചു. ആയിരക്കണക്കിന് ആളുകൾ വീര സൈനികന് പുഷ്പാഞ്ജലി അർപ്പിക്കാനെത്തി.
കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി ചിഞ്ചു റാണി, കോവൂർ കുഞ്ഞുമോൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ശ്യാമള, ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വീക്ഷണത്തിനു വേണ്ടി ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ അന്തിമോപചാരമർപ്പിച്ചു.
പതിനൊന്നു മണിയോടെ മൃതദേഹം പ്രത്യേകം സജ്ജമാക്കിയ സൈനിക വാഹനത്തിൽ വായനശാല ജംക്‌ഷനു സമീപമുള്ള വീട്ടിലെത്തിച്ചു. പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു