ഭാരത് ജോഡോ യാത്ര ഇന്ന് ഹൈദരാബാദിൽ എത്തും; മല്ലികാർജുൻ ഖാർ​ഗെ ജാഥയിൽ പങ്കെടുക്കും

ഭാരത് ജോഡോ യാത്ര ഇന്ന് ഹൈദരാബാദിൽ എത്തും; മല്ലികാർജുൻ ഖാർ​ഗെ ജാഥയിൽ പങ്കെടുക്കും

   ഇന്ന് വൈകിട്ട് ഹൈദരാബാദിലെത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശോജ്വല വരവേല്പ് ലഭിക്കും. ഒപ്പം നടക്കാൻ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ എത്തുന്നതോ‌ടെ പതിനായിരങ്ങൾ ഇന്നത്തെ പദയാത്രയിൽ പങ്കാളികാളാകും. രാവിലെ ആറരയ്ക്ക് ഷംഷാബാ​ദിൽ നിന്നു തുടങ്ങിയ ജാഥ വൈകുന്നേരം ഹൈദരാബാദിലെത്തും. അതിനു തൊട്ടു മുൻപാവും മല്ലികാർജുൻ ഖാർ​ഗെ ജാഥയിൽ പങ്കെടുക്കുക. ഇന്നുച്ച കഴിഞ്ഞ് ഖാർ​ഗെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തും.
കഴിഞ്ഞ മാസം 16ന് ഖാർ​ഗെ ജാഥയുടെ ഭാ​ഗമായിരുന്നു. കർണാടകത്തിലെ ബെല്ലാരിയിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ സംഘത്തിൽ ചേർന്നത്. അന്ന് ബെല്ലാരിയിൽ ചേർന്ന പൊതു സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. 
ഇന്നു വൈകുന്നേരം ആറരയ്ക്ക് ഹൈദരാബാദ് ചാർമിനാറിനു സമീപം തയാറാക്കിയിട്ടുള്ള പ്രത്യേക വേദിയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം മല്ലികാർജുൻ ഖാർ​ഗെ ജനങ്ങളെ അഭിസംബോധന ചെയ്യും. മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധി നയിച്ച സദ്ഭാവനാ യാത്രയുടെ സ്ഥലത്തു തന്നെയാണ് ഇന്നത്തെ പൊതു സമ്മേളനത്തിനും വേദിയൊരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇവിടെത്തന്നെയാകും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പതാക ഉയർത്തുന്നത്. പദയാത്രയും പൊതു സമ്മേളനവും വിജയിപ്പിക്കാൻ തെലുങ്കാനയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുച്ചണയുണ്ടെന്നു മുതിർന്ന നേതാവ് വി. ഹനുമന്ത റാവു പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ​ഗാന്ധി ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന്റെ വക്താവായി മാറിയെന്ന് ഹനുമന്ത റാവു ചൂണ്ടിക്കാട്ടി. പകയുടെയും വെറുപ്പിന്റെയും വിഭാ​ഗീയതയുടെയും സ്വരങ്ങൾക്കിടയിൽ ദേശീയത മുറുകെപ്പിടിച്ചു കൊണ്ടുള്ള മതേതര ഐക്യമാണ് രാജ്യത്തു രൂപപ്പെട്ടു വരുന്നതെന്നും റാവു വ്യക്തമാക്കി.