കോൺഗ്രസ് പറഞ്ഞതാണ് ശരി ; പിണറായിയെ തള്ളി സിപിഎം ;പാർട്ടിയിൽ ഗുരുതര സാഹചര്യം

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പിണറായി വിജയനെ കേന്ദ്രീകരിച്ച ഭരണശൈലി, പാർട്ടി-സർക്കാർ ഏകോപനത്തിലെ വീഴ്ച, സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ എന്നിവ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസ് പറഞ്ഞതാണ് ശരി ; പിണറായിയെ തള്ളി സിപിഎം ;പാർട്ടിയിൽ ഗുരുതര സാഹചര്യം

തങ്ങൾ എന്തുകൊണ്ട് തോറ്റു എന്ന് ഒടുവിൽ വളരെ സിമ്പിൾ ആയി പറഞ്ഞിരിക്കുകയാണ് സിപിഎം കേന്ദ്രകമ്മറ്റി. പാർട്ടിയുടെ വെബ്സൈറ്റിൽ കേരളത്തിലെ തോൽവിയുടെ കാരണങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പിണറായി വിജയനെന്ന ഒറ്റവ്യക്തിയിലേക്ക് എല്ലാം കേന്ദ്രീകരിച്ചത് തോൽവിയുടെ പ്രധാനകാരണമായി പാർട്ടി കണ്ടെത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. പിണറായിയുടെ കാലത്ത് പാർട്ടിക്ക് ഭരണത്തിൽ‌ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കുറ്റസമ്മതവും കേന്ദ്രക്കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോക റിപ്പോർ‌ട്ടിലുണ്ട്. കേരളത്തിലെ തോൽവിയുടെ പ്രധാനകാരണക്കാരൻ പിണറായി എന്ന് പറയാതെ പറയുകയാണ് കേന്ദ്രകമ്മിറ്റി ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പ്രചരണഘട്ടത്തിൽ തന്നെ കോൺഗ്രസ് ഉൾപ്പെടെ ഉന്നയിച്ചിരുന്ന പ്രധാന ആരോപണവും വിമർശനവുമായിരുന്നു പിണറിയായി വിജയനിലേക്ക് സിപിഎമ്മും എൽഡിഎഫും ചുരുങ്ങിയിരിക്കുന്നു എന്നത്. കേരളത്തിൽ തെക്കു മുതൽ വടക്കുവരെ പിണറായിയുടെ പടം മാത്രം ഫ്ലക്സ് അടിച്ച് വെച്ച് മറ്റാരുണ്ട് എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിവെച്ചത് ജനങ്ങളിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് സിപിഎമ്മിന് തിരിച്ചടിയാകുമെന്നും ഒരു കൂട്ടം മാധ്യമങ്ങളും യു‍‍ഡിഎഫും അന്നേ തുറന്ന് പറഞ്ഞതാണ്. എന്നാൽ അതൊന്നും മുഖവിലയ്ക്കെടുക്കാൻ സിപിഎം തയ്യാറായില്ല. പിണറായിയുടെ തല പിണറായിയുടെ ഫുൾഫിഗർ എന്ന ലൈനിൽ തന്നെയാണ് അവർ പാർട്ടിയേയും മുന്നണിയേയും കൊണ്ടുപോയത്. ഒടുവിൽ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയപ്പോൾ മാത്രമാണ് അത് തെറ്റായിപ്പോയെന്ന് അവർക്ക് ബോധ്യപ്പെട്ടത്. പിണറായിയെ മാത്രം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത് യുഡിഎഫിന് വടി കൊടുത്ത് അടിവാങ്ങിയത് പോലെയായി എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സിപിഎം-ബിജെപി ഡീൽ എന്ന യുഡിഎഫ് പ്രചരണം ശരിക്കും ഏറ്റെന്ന് സമ്മതിക്കുന്നുണ്ട് പാർട്ടി കേന്ദ്രക്കമ്മറ്റി. അതിനെ ഫലപ്രദമായി നേരിടുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും അതുവഴി മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് എതിരായെന്നും ആണ് കണ്ടെത്തൽ. ഇനി അടുത്തത് ആഗോള അയ്യപ്പസംഗമത്തിൽ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം വായിച്ചതാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ഒരു മന്ത്രി തന്നെ ഈ സന്ദേശം വായിച്ചത് പാർട്ടിയുടെ മതേതര പ്രതിച്ഛായ തകർത്തെന്നും അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകിയെന്നും വൈകിയെങ്കിലും തിരിച്ചറിയുന്നുണ്ട് സിപിഎം. അന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശനം ഉയർത്തിയ  കോൺഗ്രസിനേയും യുഡിഎഫിനേയും ആക്രമിക്കുകയായിരുന്നു സഖാക്കൾ ചെയ്തിരുന്നത്. മറ്റൊരു വർഗീയ വാദിയായ വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടിലും ചെറിയ തോതിൽ സ്വയം വിമർശനം നടത്തുന്നുണ്ട് സിപിഎം. 

വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പരാർമശങ്ങളോട് ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ലെന്ന സ്വയം വിമർശനം നടന്നു എന്നാണ് പറയുന്നത്. ഇതേ വെള്ളാപ്പള്ളിയെ നമ്പർ വൺ സ്റ്റേറ്റ് കാറിൽ കയറ്റി കൊണ്ടു പോയ പിണറായിയുടെ നടപടിയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. പാർട്ടിക്ക് കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട് കേന്ദ്രകമ്മറ്റി. അതായത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പാർട്ടിക്ക് യാതൊരു തരത്തിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല, അല്ലെങ്കിൽ പിണറായി പാർട്ടിക്ക് അതീതനായിരുന്നു എന്ന്. അക്കാര്യം പറയുന്നത് ഇങ്ങനെയാണ് മുൻകാലങ്ങളിൽ തങ്ങൾ ഭരണത്തെ നയിക്കുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനങ്ങൾ ഉണ്ടായിരുന്നു. അതുവഴി എല്ലാ വിഷയങ്ങളും വിശദമായി പാർട്ടിയിൽ ചർച്ച ചെയ്യുകയും പാർട്ടിയും സർക്കാരും തമ്മിൽ ശരിയായ ഏകോപനം ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഇത് സർക്കാർ തെറ്റുകൾ ചെയ്യുന്നത് തടയുന്നതിനും സഖ്യകകക്ഷികൾക്കോ എതിരാളികൾക്കോ തങ്ങളെ രാഷ്ട്രീയമായി ചോദ്യം ചെയ്യാൻ അവസരം നൽകാതിരിക്കുന്നതിനും സഹായകരമായിരുന്നു. അതായത് കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ സർക്കാർ പല തെറ്റുകളും ചെയ്തു അതൊന്നും തടയാൻ പാർട്ടിക്ക് കഴിഞ്ഞില്ല അല്ലെങ്കിൽ പിണറായിയെ പേടിച്ച് പാർട്ടി അതൊന്നും തടയാൻ ശ്രമിച്ചില്ല എന്ന് ചുരുക്കം. നേതാക്കൻമാരുടെ വായാടിത്തവും വാമൊഴി വഴക്കങ്ങളുമെല്ലാം പാർട്ടിയെ നശിപ്പിച്ചു എന്നും തുറന്ന് പറയുന്നുണ്ട് ഈ റിപ്പോർട്ടിൽ. മുതിർന്ന നേതാക്കൾ പോലും ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് പാർട്ടി അവലോകന റിപ്പോർട്ടിൽ‌. കെ.കെ ശൈലജയെ പോലൊരു മുതിർന്ന നേതാവിനെ മണ്ഡലം മാറ്റിയത് ശരിയായില്ല, സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ കമ്മറ്റികൾക്ക് വീഴ്ച പറ്റിയെന്നും അതിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നുമാണ് കേന്ദ്രകമ്മറ്റി പറയുന്നത്. തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തന്നെയാണ് ഉത്തരവാദിത്തം എന്ന് പറയുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.