ജോൺസൺ & ജോൺസൺ ബേബി പൗഡർ കേസ്; വൻ നഷ്ടപരിഹാരത്തിന് കമ്പനിയുടെ നീക്കം

ടാൽക്കം പൗഡറുകൾ കാൻസറിന് കാരണമായെന്ന ആരോപണവുമായി ബന്ധപ്പെട്ട 76,000-ത്തിലധികം കേസുകളിൽ 5.5 ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം നൽകാൻ ജോൺസൺ & ജോൺസൺ തയ്യാറായി.

ജോൺസൺ & ജോൺസൺ ബേബി പൗഡർ കേസ്; വൻ നഷ്ടപരിഹാരത്തിന് കമ്പനിയുടെ നീക്കം

വർഷങ്ങളായി വലിയ വിവാദങ്ങൾക്ക് വഴിവെച്ച ജോൺസൺ & ജോൺസൺ ടാൽക്കം പൗഡർ കേസുകളിൽ നിർണായക വഴിത്തിരിവ്. കമ്പനിയുടെ ബേബി പൗഡറും മറ്റ് ടാൽക്കം അധിഷ്ഠിത പൗഡറുകളും കാൻസറിന് കാരണമായെന്നാരോപിച്ച് പതിനായിരക്കണക്കിന് ആളുകൾ നൽകിയ ഹർജികൾ ഒത്തുതീർപ്പാക്കാൻ കമ്പനി തയ്യാറായിരിക്കുകയാണ്. ഇതിനായി 5.5 ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം നൽകാമെന്ന് ജോൺസൺ & ജോൺസൺ അറിയിച്ചു.

ജോൺസൺ & ജോൺസണിന്റെ ടാൽക്കം പൗഡറുകളുടെ ഉപയോഗം ഒവേറിയൻ കാൻസറിന് കാരണമായെന്നാരോപിച്ചാണ് പതിനായിരക്കണക്കിന് ഹർജികൾ വിവിധ കോടതികളിൽ ഫയൽ ചെയ്തിരുന്നത്. ദീർഘകാലമായി തുടരുന്ന നിയമപോരാട്ടങ്ങൾക്ക് വിരാമമിടുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി വൻതുകയുടെ ഒത്തുതീർപ്പ് പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. ന്യൂജേഴ്‌സിയിലെ ഫെഡറൽ കോടതിയിലുൾപ്പെടെ ഏകദേശം 76,000 പരാതികളാണ് ഈ ഒത്തുതീർപ്പിൽ ഉൾപ്പെടുന്നത്. എന്നാൽ, 95 ശതമാനം പരാതിക്കാരും ഒത്തുതീർപ്പ് അംഗീകരിച്ചാൽ മാത്രമേ അത് അന്തിമമാകൂ.

അതേസമയം, കേസുകളിലെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലപാടിലാണ് ജോൺസൺ & ജോൺസൺ. കമ്പനിയുടെ വൈസ് പ്രസിഡന്റ് എറിക് ഹാസ്, കമ്പനിയുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ടാൽക്കം പൗഡറുകൾ കാൻസറിന് കാരണമായിട്ടില്ലെന്നും ആവർത്തിച്ചു. ഒത്തുതീർപ്പിന്റെ ഭാഗമായി 2027-ഓടെ 3 ബില്യൺ ഡോളറും ശേഷിക്കുന്ന തുക 2028-ൽ നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ, കൂടുതൽ പരാതിക്കാർ ഒത്തുതീർപ്പിൽ പങ്കെടുത്താൽ നഷ്ടപരിഹാര തുക 7 ബില്യൺ ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ക്രിസ് സീഗർ പറഞ്ഞു. ടാൽക്കം പൗഡറുകളുടെ ഉപയോഗം ഒവേറിയൻ കാൻസറിനും മെസോതെലിയോമിനും കാരണമായെന്നാണ് വിവിധ ഹർജിക്കാർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ കമ്പനി നിഷേധിച്ചുവരികയാണ്.