'ഭൂമി ഏറ്റെടുത്താല്‍ ഈ മണ്ണില്‍ മരിച്ചുവീഴും'; കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
കൊല്ലം: സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കൊല്ലത്ത് പ്രതിഷേധം ശക്തമായി. ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തുന്നു എന്ന അറിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ഒത്തുകൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ഇരമ്പുകയായിരുന്നു. കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം . പുറത്ത് പൊലീസ് കാവലുണ്ട്. ഉടന്‍ തന്നെ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്നാണ് വിവരം. അജയകുമാര്‍ എന്നയാളുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചിരിക്കുന്നത്. തന്റെ മരണമൊഴിയെന്ന തരത്തില്‍ അദ്ദേഹം ജില്ലാ ജഡ്ജിക്ക് പരസ്യമായ കത്തെഴുതി മതിലില്‍ ഒട്ടിച്ചിട്ടുണ്ട്. ജീവനൊടുക്കാന്‍ വേണ്ടിത്തന്നെയാണ് സിലിണ്ടര്‍ തുറന്നുവച്ചിരിക്കുന്നതെന്ന് അജയകുമാര്‍ പറഞ്ഞു. ആത്മബന്ധമുള്ള മണ്ണാണ്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണാണ്. എന്നെ അടക്കേണ്ട മണ്ണാണ്. അത് ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല. ആല്‍ത്തറയൊക്കെ ഇവിടെയുണ്ട്. സൗദി അറേബ്യയില്‍ 30 വര്‍ഷം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ വീടാണ്. ഞാനും പാര്‍ട്ടിക്കാരനാണ്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഐഎമിലൂടെ വളര്‍ന്നുവന്നയാളാണ് ഞാന്‍. ഭൂമി ഏറ്റെടുക്കലിലുള്ള സര്‍വേ അല്ലെന്ന് സര്‍ക്കാര്‍ പറയുന്നത് നുണയാണ്. നഷ്ടപരിഹാരത്തെപ്പറ്റി ചിന്തിക്കുന്നില്ല. വസ്തു വിട്ടുകൊടുക്കാന്‍ തയ്യാറല്ല. നാലിരട്ടിയല്ല, 10 ഇരട്ടിയാണെങ്കിലും വിട്ടുകൊടുക്കില്ല. രക്ഷയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അജയകുമാര്‍ പറഞ്ഞു. സര്‍വ്വേയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയതോടെ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ സര്‍വേ പുനരാരംഭിച്ചിരിക്കുകയാണ്.