കെ റെയിലുമായി മുന്നോട്ടെന്ന് പിണറായി

കെ റെയിലുമായി മുന്നോട്ടെന്ന് പിണറായി

കെ റെയിലുമായി മുന്നോട്ടെന്ന് പിണറായി


കോഴിക്കോട്: സില്‍വര്‍ ലൈനില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച, മുഖ്യമന്ത്രി കെ റെയില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങളെ രൂക്ഷ വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്തുപാട്ടിലാണ്. ജനങ്ങളുടെ പ്രശ്‌നം വാര്‍ത്തയേ അല്ലാതായിയെന്നും പൗരാവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നാവനക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റുപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ന് നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. നിക്ഷിപ്ത താല്‍പര്യക്കാരെ തുറന്ന് കാട്ടാന്‍ കഴിയുന്നില്ല. മുന്‍പ് വികസനോന്മുഖ പത്ര പ്രവര്‍ത്തനമായിരുന്നു. ഭിലായ് സ്റ്റീല്‍ പ്ലാന്റ് അടക്കം വന്നത് ഇത്തരം പത്ര പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമായാണ്. ചെറിയ ചില കുടുംബങ്ങള്‍ക്ക് വരുന്ന പ്രയാസങ്ങള്‍ അന്ന് വാര്‍ത്തയായില്ല.  എഫ്എസിടി, ടൈറ്റാനിയം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്തായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാര്‍ത്തകള്‍. ഇന്ന് അതല്ല സ്ഥിതി. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും വികസന പത്ര പ്രവര്‍ത്തനം പത്ര പ്രവര്‍ത്തകര്‍ പാടെ ഉപേക്ഷിച്ച മട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.