കോടിയേരിയെ പാർ‌ട്ടി വഞ്ചിച്ചു ; തട്ടിച്ചെടുത്തത് കോടികൾ ; അനങ്ങാതെ പിണറായിയും ഗോവിന്ദനും

കണ്ണൂർ സിപിഎമ്മിൽ ഓഫീസ് നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ചർച്ചയാകുന്നു.

Jul 31, 2026 - 16:04
0
കോടിയേരിയെ പാർ‌ട്ടി വഞ്ചിച്ചു ; തട്ടിച്ചെടുത്തത് കോടികൾ ; അനങ്ങാതെ പിണറായിയും ഗോവിന്ദനും

സിപിഎം എന്ന പാർട്ടി സാമ്പത്തിക തട്ടിപ്പുകളുടെ ഒരു കൂടാരമായി മാറിക്കഴിഞ്ഞോ.. ന്യായമായ സംശയമാണ് ഇത്. കാരണം അത്രയേറെ സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങളാണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കി ഉയർന്നിട്ടുള്ളത്. അത് തുടർന്നുകൊണ്ടേ ഇരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. സിപിഎം നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെല്ലാം വൻതിരിമറികളാണ് നടന്നിട്ടുള്ളത്. അതിന്റെ വാർത്തകൾ ഓരോ ദിവസങ്ങളിലായി പുറത്ത് വരുന്നുമുണ്ട്. അതിനേക്കാൾ ഗൗരവമായ സംഭവം പാർട്ടി ഫണ്ടുകളിൽ നടക്കുന്ന തിരിമറികളാണ്. അതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത് പാർട്ടി കേരളത്തിൽ പിറവിയെടുത്ത ജില്ലയായ കണ്ണൂരാണ്. ഇന്ന് പുറത്ത് വന്നിരിക്കുന്ന വാർത്തയിൽ നിന്ന് കണ്ണൂർ സിപിഎമ്മിൽ ഫണ്ട് തട്ടിപ്പ് വിവാദങ്ങൾ അവസാനിക്കുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ തകർത്ത ഫണ്ട് വിവാദമായിരുന്നു പയ്യന്നൂരിൽ ഉയർന്ന് കേട്ടത്. ധനരാജ് രക്തസാക്ഷിത്വ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട് എന്നിവയിൽ പാർട്ടി എംഎൽഎ തന്നെ ക്രമക്കേട് നടത്തിയെന്ന് പാർട്ടിയിലെ മുതിർന്ന സഖാവായ വി കുഞ്ഞിക്കൃഷ്ണൻ തന്നെയാണ് തെളിവ് സഹിതം പൊതുജനങ്ങൾക്ക് മുന്നിൽ വിളിച്ച് പറ‍ഞ്ഞത്. അദ്ദേഹത്തെ പുറത്താക്കി പാർട്ടി താത്കാലിക ആശ്വാസം കണ്ടെത്തി. എന്നാൽ തിരിച്ചടി പിറകെ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിച്ച് താൻ ആരോപണം ഉന്നയിച്ച സിറ്റിംഗ് എംഎൽഎയെ പരാജയപ്പെടുത്തി മറുപടി കൊടുത്തു. ഇന്നിപ്പോൾ വീണ്ടുമൊരു ഫണ്ട് വിവാദം കണ്ണൂർ സിപിഎമ്മിൽ പ്രകമ്പനം സൃഷ്ടിക്കുകയാണ്. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച മുതിർന്ന സഖാവ്  കോടിയേരി ബാലകൃഷ്ണന്റെ പേരിൽ ഫണ്ട് പിരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പുറത്ത് വന്നിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പണിയുന്ന കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസിന്റെ ഫണ്ട് പരിവിലാണ് വലിയ ക്രമക്കേട് നടന്നിരിക്കുന്നത്. 

കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റിക്ക് ഓഫീസ് നിർമാണത്തിന് രണ്ട് വർഷം മുൻപാണ്  70 ലക്ഷം കൊടുത്ത് നാലര സെന്റിൽ വീട് വാങ്ങുന്നത്. ലോക്കൽ സെക്രട്ടറിയുടെ പേരിലാണ് സാധാരണ രജിസ്റ്റർ ചെയ്യുക. എന്നാൽ ഇത് ലോക്കൽ സെക്രട്ടറിയായിരുന്ന ഇ രമേശൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് പരാതി ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല. പിന്നാലെ ഈ വസ്തുവും വീടും ഈട് വെച്ച് രമേശൻ 20 ലക്ഷം രൂപ വായ്പ എടുത്തു. രമേശന്റെ അളിയനാണ് കണ്ണൂർ ഏരിയ സെക്രട്ടറി. അദ്ദേഹത്തിന്റെ ബന്ധു ജോലിചെയ്യുന്ന സഹകരണ ബാങ്കിൽ നിന്നാണ് 20 ലക്ഷം രൂപ വായ്പ എടുത്തത്. ഇത് കൂടാതെ ഓഫീസ് നവീകരണത്തിന് കൂപ്പൺ അടിച്ചിറക്കി പണം പിരിക്കുകയും ചെയ്തു. എന്നാൽ‌ ഇതിന്റെ കണക്കൊന്നും പാർട്ടിയിൽ അവതരിപ്പിച്ചില്ല. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ കണക്കുകളാണ് പുറത്ത് വരാനുള്ളത്. എന്നാൽ അതിൽ മറുപടിയൊന്നുമില്ല. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി തിരുത്തലുകൾ വരുത്തുന്നു എന്ന് തോന്നിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്ന സമയത്താണ് പുതിയ ആരോപണം ഉയർന്ന് വന്നത്. പയ്യന്നൂരിലെ അനുഭവങ്ങൾ ഉൾപ്പെടെ മുന്നിലുള്ളതിനാൽ ഒരു വിഭാഗം നേതാക്കൾ ഇക്കാര്യങ്ങൾ ഉന്നയിച്ച് ചർച്ചയാക്കി. ബ്രാ‍ഞ്ച്, ലോക്കൽ കമ്മറ്റികളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ പിന്നാലെ ലോക്കൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി നേതാക്കളുടെ അറിവില്ലാതെ ലോൺ എടുത്തു. ഓഫീസ് നിർമാണത്തിന് പല തരത്തിൽ പണപ്പിരിവ് നടത്തി. രസീത് നൽകാതെ പണപ്പിരിവ് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് രമേശനെതിരെ ഉയർന്നത്. എന്നാൽ ഈ നടപടി പാർട്ടി സ്ഥിരീകരിക്കുന്നില്ല. പാർട്ടിക്കുള്ളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User