മാനേജ്‌മെന്റ് വഴങ്ങി, എച്ച്ഒഡിയെ മാറ്റിനിർത്തും; കോതമംഗലം എം.എ കോളേജ് സമരം ഒത്തുതീർപ്പിൽ
കോതമംഗലം: വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജിൽ നടന്നുവന്ന പ്രതിഷേധ സമരം ഒത്തുതീർപ്പിലായി. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും വിദ്യാർഥികളുടെ 12 ആവശ്യങ്ങളിലും നടപടിയെടുക്കുമെന്നും കോളജ് മാനേജ്‌മെന്റ് ഉറപ്പുനൽകി. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ എച്ച്ഒഡിയും കെടിയു കോർഡിനേറ്ററും ക്യാമ്പസിൽ നിന്ന് മാറിനിൽക്കും. ആഭ്യന്തര സമിതി രൂപീകരിച്ച ശേഷം മരിച്ച ഇതരസംസ്ഥാന വിദ്യാർഥി മിച്ചി മർപ്പുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും.
വിദ്യാർഥിയുടെ മരണത്തിൽ അധികൃതർ ഉത്തരവാദിത്തം ഏറ്റെടുക്കുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർഥികൾ ചൊവ്വ രാവിലെ 8 മണി മുതൽ പ്രതിഷേധം ആരംഭിച്ചത്. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സമരം പിന്നീട് സംഘർഷാവസ്ഥയിലെത്തിയിരുന്നു. തുടർന്ന് കെഎസ്‌യു, എസ്എഫ്ഐ ഉൾപ്പെടെ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
കേരള സാങ്കേതിക സർവകലാശാല നിഷ്കർഷിക്കുന്ന ക്രെഡിറ്റ് മാർക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളേജ് മാനേജ്‌മെന്റ് 22 ക്രെഡിറ്റ് നിർബന്ധമാക്കിയതാണ് സഹപാഠിയായ വിദ്യാർഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)