റിയാസിന് അനധികൃത സമ്പാദ്യം, 20.5 കോടി എവിടെനിന്ന്?; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയമെന്നും ഇ.ഡി
മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിശദ അന്വേഷണം വേണമെന്ന് ഇ.ഡി; 25 പേജുള്ള കത്തിൽ ഇടപാടുകളുടെയും മൊഴികളുടെയും വിവരങ്ങൾ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയായിരിക്കെ റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ആരോപിക്കുന്ന വിശദമായ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. നൽകിയതായി റിപ്പോർട്ട്. ഇടപാടുകളിൽ ഹവാല ബന്ധമുണ്ടോയെന്നും വിശദമായി അന്വേഷിക്കണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.
2024-25 കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും തെളിവുകളും മൊഴികളും രേഖകളും ഉൾപ്പെടുന്നതാണ് 25 പേജുള്ള കത്ത്. റിയാസുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയ 20.5 കോടി രൂപയുടെ ഉറവിടം വ്യക്തമല്ലെന്നും തുകയിൽ ഒരു ഭാഗം ദുബായിലേക്ക് മാറ്റിയെന്നുമാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം. ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി പണം കടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
തുക കൈക്കൂലിയായി ലഭിച്ചതാകാനുള്ള സാധ്യതയും ഇ.ഡി. മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ശുപാർശയോടെയാണ് ഡിജിപി റാവാഡ എ. ചന്ദ്രശേഖറിന് കത്ത് നൽകിയതെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളുടെ ഉറവിടം, പണം കൈമാറിയ രീതി, വിദേശത്തേക്ക് മാറ്റിയതിന്റെ ഉദ്ദേശ്യം എന്നിവ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.
റിയാസിന്റെ ഭാര്യയും വീണ വിജയനും ഉൾപ്പെടെ ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരീസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരുടെ പേരുകളും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇടപാടുകൾ നടന്നതായി പറയുന്ന കാലയളവിൽ വീണ ദുബായിൽ രണ്ടാഴ്ച താമസിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഷൈജൽ, നിഖിൽ, വാരീസ് തുടങ്ങിയവരാണ് ഹവാല ഇടപാടിന് നേതൃത്വം നൽകിയതെന്നാണ് ചില മൊഴികളുടെ അടിസ്ഥാനത്തിൽ ഇ.ഡി. സംശയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ദുബായിലേക്ക് പണം കൈമാറിയ രീതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും അന്വേഷണ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം
സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിനിടെയാണ് റിയാസുമായി ബന്ധമുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നാണ് ഇ.ഡി. കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. റിയാസുമായി അടുപ്പമുള്ള ചിലരുടെ വീടുകളിൽ നടത്തിയ പരിശോധനയ്ക്കിടയിൽ ലഭിച്ച രേഖകളും മൊഴികളുമാണ് പുതിയ അന്വേഷണത്തിന് ആധാരമെന്നാണ് ഇ.ഡി. പറയുന്നത്.
വീണ വഴി സിഎംആർഎലിൽ നിന്ന് പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്നും ഇ.ഡി. കത്തിൽ ആരോപിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിന് പുറമെയാണ് റിയാസുമായി ബന്ധപ്പെട്ട 20.5 കോടി രൂപയുടെ ഇടപാടുകളും വിദേശത്തേക്ക് പണം മാറ്റിയെന്ന ആരോപണവും അന്വേഷണ പരിധിയിലേക്ക് വരുന്നത്.
20.5 കോടി രൂപ യഥാർഥത്തിൽ എവിടെനിന്നാണ് ലഭിച്ചത്, ആരാണ് പണം നൽകിയതെന്ന്, പണം എങ്ങനെയാണ് കൈമാറിയത്, അതിൽ എത്ര തുകയാണ് ദുബായിലേക്ക് മാറ്റിയത്, ഇടപാടുകളിൽ ഹവാല ശൃംഖല ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അന്വേഷണത്തിൽ നിർണായകമാകുക.
അതേസമയം, ഇ.ഡി. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടെത്തലുകളും സംശയങ്ങളുമാണ്. അന്വേഷണത്തിൽ ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ തുടർനടപടികളിൽ നിർണായകമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)