കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തർക്കമൊഴിയുന്നില്ല: വോട്ടർപട്ടിക പുറത്തുവിടൂവെന്ന് ഒരു പക്ഷം, വഴങ്ങാതെ നേതൃത്വം 

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തർക്കമൊഴിയുന്നില്ല: വോട്ടർപട്ടിക പുറത്തുവിടൂവെന്ന് ഒരു പക്ഷം, വഴങ്ങാതെ നേതൃത്വം 

ശശി തരൂർ ഉൾപ്പടെ അഞ്ച് എംപിമാർ

  കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാക്കി നേതൃത്വത്തിന് സംയുക്തമായി കത്ത് നല്കി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നല്കാനുള്ള നടപടി ഈ മാസം 22ന് തുടങ്ങാനിരിക്കെ, വോട്ടർമാർ ആരൊക്കെയാണെന്ന് ഇപ്പോഴും അറിയില്ലെന്നാണ് പാർട്ടിയുടെ അഞ്ച് എംപിമാർ വരണാധികാരിയായ മധുസൂദൻ മിസ്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. 

എല്ലാ സംസ്ഥാനങ്ങളിലുമെത്തി വോട്ടർ പട്ടിക പരിശോധിക്കാൻ നേതാക്കൾക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പത്രിക പ്രസിദ്ധീകരിക്കണം. ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, അബ്ദുൾ ഖാലിക്, പ്രദ്യുത് ബർദലോയി എന്നിവർ ഒന്നിച്ചാണ് കത്ത് നല്കിയത്. പാർട്ടിയുടെ രഹസ്യരേഖ പുറത്തുവിടണമെന്നല്ല നിർദ്ദേശമെന്നും കത്തിൽ പറയുന്നുണ്ട്. 

എന്നാലിത് അനാവശ്യ വിവാദമെന്നാണ് എഐസിസി നേതൃത്വത്തിന്റെ പ്രതികരണം. പിസിസികളുടെ കൈയ്യിലുള്ള പട്ടിക ആർക്കും പരിശോധിക്കാമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ കെസി വേണുഗോപാൽ നടപടികൾ സുതാര്യമാണെന്ന് പറഞ്ഞിരുന്നു. 

കൂടുതൽ നേതാക്കൾ വോട്ടർ പട്ടിക ചോദിച്ച് വരും ദിവസങ്ങളിൽ കത്തു നല്കാനാണ് സൂചന. കാർത്തി ചിദംബരവും ഇതിനോട് ചേർന്നത് ജി 23 നേതാക്കൾക്ക് കരുത്താവുകയാണ്. പി ചിദംബരത്തിൻറെ അറിവോടെയാണിതെന്നാണ് സൂചന. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകാനില്ല എന്ന സൂചന ഇന്നലെ വീണ്ടും നല്കിയിരുന്നു.