സാധാരണക്കാർ ഒത്തൊരുമിച്ചാൽ തീരുന്നതെയുള്ളൂ ബി.ജെ.പിയുടെ ധാർഷ്ട്യം: ശരത് പവാർ

സാധാരണക്കാർ ഒത്തൊരുമിച്ചാൽ തീരുന്നതെയുള്ളൂ  ബി.ജെ.പിയുടെ ധാർഷ്ട്യം: ശരത് പവാർ

പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ ബി.ജെ.പി. അധികാരത്തിന്റെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയാണെന്ന് എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാർ  പറഞ്ഞു.  മഹാരാഷ്ട്രയിലെ ധൂലേയില്‍ എന്‍.സി.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ ഒത്തുചേര്‍ന്ന് എതിര്‍ക്കുന്ന പക്ഷം ബി.ജെ.പിയുടെ നാളുകള്‍ എണ്ണപ്പെടുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. ഭരണത്തെ ബ്രിട്ടീഷ് ഭരണത്തോട് ഉപമിച്ച പവാര്‍, അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കുന്ന ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാന്‍ സാധാരണക്കാരന് കഴിയുമെന്നും പറഞ്ഞു. അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ രാഷ്ട്രപത്‌നി പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബി.ജെ.പിയും തമ്മിലുണ്ടായ തര്‍ക്കത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സോണിയ ഗാന്ധിയോടുള്ള ബി.ജെ.പി. എം.പിമാരുടെ പെരുമാറ്റത്തെ പവാര്‍ വിമര്‍ശിച്ചു.
രാഷ്ട്രപതിയെ കുറിച്ച് തെറ്റായ വാക്ക് ഉപയോഗിച്ച എം.പി, പിഴവു തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞു. എന്നാല്‍ സോണിയ ഗാന്ധി മാപ്പു പറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ബി.ജെ.പി. എം.പിമാരും മന്ത്രിമാരും ചേര്‍ന്ന് സോണിയയെ ബുദ്ധിമുട്ടിച്ചു. എന്‍.സി.പിയുടെ എം.പി. സുപ്രിയ സുലെയാണ് സോണിയയെ അവരുടെ വാഹനം വരെ അനുഗമിച്ചത്. അല്ലാത്തപക്ഷം അവിടെ മറ്റെന്തെങ്കിലും സംഭവിക്കുമായിരുന്നു- പവാര്‍ പറഞ്ഞു.