ഓണക്കാലത്ത് വിലക്കയറ്റത്തിന് തടയിടാൻ സപ്ലൈകോ; 13 അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ
വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുറച്ചു; രണ്ട് മാസത്തെ സബ്‌സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാം
തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ ശക്തമായ വിപണി ഇടപെടൽ. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമ്പോഴും സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനായി സബ്‌സിഡി സാധനങ്ങൾ ആവശ്യത്തിന് സ്റ്റോക്കോടെ വിതരണം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് നിരവധി അവശ്യസാധനങ്ങൾ ഇത്തവണ കുറഞ്ഞ സബ്‌സിഡി നിരക്കിലാണ് ലഭ്യമാക്കുന്നത്. വെളിച്ചെണ്ണയുടെ സബ്‌സിഡി വില ലിറ്ററിന് 249 രൂപയിൽ നിന്ന് 229 രൂപയായി കുറച്ചിട്ടുണ്ട്. പൊതുവിപണിയിൽ വെളിച്ചെണ്ണ വില 510 രൂപയ്ക്ക് മുകളിലെത്തിയ സാഹചര്യത്തിലാണ് ഈ വിലക്കുറവ്.
ചെറുപയർ, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ പ്രധാന അവശ്യസാധനങ്ങളുടെയും സബ്‌സിഡി നിരക്കുകൾ കുറച്ചിട്ടുണ്ട്. ചെറുപയർ 90 രൂപയിൽ നിന്ന് 85 രൂപയായും ഉഴുന്ന് 90 രൂപയിൽ നിന്ന് 87 രൂപയായും വൻപയർ 70 രൂപയിൽ നിന്ന് 68 രൂപയായും തുവരപ്പരിപ്പ് 93 രൂപയിൽ നിന്ന് 83 രൂപയായുമാണ് വില കുറച്ചത്.
ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ സബ്‌സിഡി നിരക്കിൽ വർധന വരുത്തിയിട്ടില്ല. മട്ട അരി കിലോയ്ക്ക് 33 രൂപയ്ക്കും പച്ചരി 29 രൂപയ്ക്കും പഞ്ചസാര 34.65 രൂപയ്ക്കുമാണ് ലഭ്യമാക്കുന്നത്.
ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് ഉപയോഗിച്ച് ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഉത്സവകാലത്ത് കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.
പൊതുവിപണിയിലെ വിലക്കയറ്റം സംബന്ധിച്ച് സർക്കാർ ഇടപെടുന്നില്ലെന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സപ്ലൈകോയും കൺസ്യൂമർഫെഡും വഴി ശക്തമായ വിപണി ഇടപെടൽ തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി. ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കി താങ്ങാവുന്ന വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)