കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി തമിഴ്‌നാടും
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല....
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി തമിഴ്‌നാടും. കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്‌നാട് പിന്‍വലിച്ചു. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. തമിഴ്നാട് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1939 പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും. സംസ്ഥാന ജനസംഖ്യയില്‍ ഭൂരിപക്ഷം പേര്‍ക്കും വാക്‌സീന്‍ നല്‍കുകയും രോഗബാധാ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. 18 വയസിന് മുകളിലുള്ള 92% പേര്‍ ഇതിനകം ഒന്നാം ഡോസും 72% പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 23 കൊവിഡ് കേസുകള്‍ മാത്രമാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിയമപരമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ സ്വയം നിയന്ത്രണങ്ങള്‍ ജനങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ മാസ്‌കും നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ അനുവദിച്ചത്. അതേസമയം മാസ്‌ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചു നാള്‍ കൂടി തുടരുന്നതാണ് നല്ലതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.