സമ്മാന പാഴ്‌സൽ തട്ടിപ്പ് : കൊച്ചി സ്വദേശിനിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ

CyberFraud: Kochi woman scammed of ₹2.5 lakhs over fake ₹50-lakh gift parcel from online friend.

Jul 02, 2026 - 12:22
0
സമ്മാന പാഴ്‌സൽ തട്ടിപ്പ് : കൊച്ചി സ്വദേശിനിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ

കൊച്ചി: സമൂഹമാധ്യമങ്ങളിലെ അപരിചിതരുടെ 'ഹലോ' വിളികൾ കേട്ട് കണ്ണുംപൂട്ടി വിശ്വസിക്കുന്നവർക്ക് ഇതൊരു കനത്ത മുന്നറിയിപ്പാണ്. വെറും ഒരു മാസം മാത്രമായ ഓൺലൈൻ സൗഹൃദത്തെ വിശ്വസിച്ച എളംകുളം സ്വദേശിനിയായ യുവതിക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. വിദേശത്തുനിന്ന് 50 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സമ്മാന പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്, അതിന്റെ കസ്റ്റംസ് ക്ലിയറൻസ് ഫീസിന്റെ പേരിലാണ് യുവതിയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിപ്പുകാർ കൈക്കലാക്കിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കൊച്ചി സൗത്ത് പോലീസ് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 15-നാണ് എളംകുളം സ്വദേശിനിയായ യുവതി ഓൺലൈൻ വഴി ഒരു വ്യക്തിയുമായി പരിചയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ചാറ്റിങ്ങിലൂടെ ഇരുവരും തമ്മിലുള്ള സൗഹൃദം വളരെ പെട്ടെന്ന് വളർന്നു. യുവതിയുടെ പൂർണ്ണ വിശ്വാസം പിടിച്ചുപറ്റിയതോടെ താൻ 50 ലക്ഷം രൂപ വിലമതിക്കുന്ന വലിയൊരു സമ്മാന പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന്, പാഴ്‌സൽ ഇന്ത്യയിലെത്തിയെന്നും ഇത് കൈപ്പറ്റണമെങ്കിൽ വലിയൊരു തുക കസ്റ്റംസ് ക്ലിയറൻസ് ഫീസായി അടയ്ക്കണമെന്നും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു.

ഇതൊരു ചതിക്കുഴിയാണെന്ന് തിരിച്ചറിയാതെ, സുഹൃത്തിന്റെ നിർദ്ദേശപ്രകാരം പല തവണകളായി 2,50,000 രൂപ യുവതി കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പെക്സ് ബാങ്കിലെ ‘ദിനേഷ്’ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. എന്നാൽ ലക്ഷക്കണക്കിന് രൂപ കൈമാറിയിട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടും പാഴ്‌സൽ ലഭിക്കാതെ വരികയും, പിന്നീട് ഇയാളെ ബന്ധപ്പെടാൻ സാധിക്കാതെയാവുകയും ചെയ്തതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായത്. തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User