ചിന്താ ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണം :യൂത്ത് കോൺഗ്രസ്
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ജാഥയുടെ മാനേജരായി പ്രവര്‍ത്തിക്കുന്ന ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസ്. ചിന്ത ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
ചിന്ത ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ മാനേജരാകുന്നത് ചട്ടവിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ പറഞ്ഞു. ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ല. ചിന്ത ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുന്നതാണ് അഭികാമ്യമെന്നും ബിനു ചുള്ളിയില്‍ പറഞ്ഞു.
യുവജന കമ്മീഷന്‍ സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതിന് പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളില്‍ നിന്ന് ഇത്രയും തരംതാണ പ്രവൃത്തി അംഗീകരിക്കാനാകില്ല. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.