ബിജെപികോട്ടകള്‍ പിടിച്ചെടുത്തു; തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം

ബിജെപികോട്ടകള്‍ പിടിച്ചെടുത്തു; തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം

ഡല്‍ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി കോണ്‍ഗ്രസിന് മികച്ച വിജയം. ഗ്വാളിയോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 57 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വിജയിച്ചു. ജബല്‍പൂരില്‍ 23 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ജയിക്കുന്നത്. 'മധ്യപ്രദേശ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രശംസനീയവും ധീരവുമായ പ്രകടനത്തിന്  കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഗ്വാളിയോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 57 വര്‍ഷത്തിന് ശേഷവും ജബല്‍പൂരില്‍ 23 വര്‍ഷത്തിനും ശേഷവും കോണ്‍ഗ്രസ് പതാക പറന്നു. എല്ലാതരത്തിലുള്ള ആക്രമണത്തെയും, അധികാര പണ സ്വാദീനത്തെയും വെല്ലുവിളിച്ചാണ് ഈ വിജയം' കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റില്‍ പറഞ്ഞു. പോലീസിന്റെയും ഭരണത്തിന്റെയും സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് എത്തി. എങ്കിലും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്ന ഫലങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ഫലം കോണ്‍ഗ്രസിന് പ്രോത്സാഹജനകമാണ്.ചിന്ദ്വാര, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളില്‍ മേയര്‍ സ്ഥാനങ്ങളില്‍ വിജയിച്ചു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം പ്രദേശിക തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 50 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ഗ്വാളിയര്‍ നഗരത്തിന്റെ മേയര്‍ സ്ഥാനം നേടി' കമല്‍നാഥിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലിലെയും ഇന്‍ഡോറിലെയും ഫലങ്ങള്‍ ഞങ്ങള്‍ അവലോകനം ചെയ്യാന്‍ പോകുകയാണെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.