വിഴിഞ്ഞം സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു
Aaaaവിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇന്നലത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. ആക്രമണങ്ങളെ സമരസമിതി ഒഴികെ സർവ്വകക്ഷിയോഗത്തിൽ പങ്കെടുത്തവർ അപലപിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും ചർച്ചയിൽ പങ്കെടുത്ത മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന് നിലപാടെടുത്തു.
അതേ സമയം, വിഴിഞ്ഞം സമരത്തോട് സർക്കാർ കാണിക്കുന്നത് നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതൽ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. സർക്കാർ വിവേകത്തോടെ പെരുമാറണം. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. ഇത്തരം കേസുകൾ കൊണ്ട് സമരത്തെ അടിച്ചമർത്താനാവില്ല. കേസുകൾകൊണ്ടോ ഭീഷണികൊണ്ടോ സമരത്തിൽ നിന്ന് പിൻമാറില്ല.മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരേയും കെ.സി.ബി.സി വിമർശനമുന്നയിച്ചു. മന്ത്രിമാർ പ്രകോപനപരമായും സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വിധത്തിലും സംസാരിക്കരുതെന്ന് കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി മാധ്യമങ്ങളോടു പറഞ്ഞു