ഇടത് അണികള്‍ക്കിടയില്‍ അസ്വാരസ്യം; തൃക്കാകരയില്‍ സിപിഎം ചതിച്ചു
കൊച്ചി: കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കര പിടിക്കുവാന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കരുത്തനായ സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിച്ച അണികളെ നിരാശരാക്കുന്ന രീതയിലുള്ള പ്രഖ്യാപനമാണ് സിപിഎമ്മില്‍ നിന്നുണ്ടായിട്ടുള്ളത്. ഡോ. ജോ ജേക്കബ് എന്ന പേര് അണികളില്‍ പലരും ആദ്യമായി കേള്‍ക്കുകയായിരുന്നു. ചിലര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും അപ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. ഇടതുപക്ഷ സഹയാത്രികനായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വിചാരിച്ചിട്ട് പോലും കോണ്‍ഗ്രസിനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കുവാന്‍ സാധിക്കാത്തിടത്ത് ഒരു രാഷ്ട്രിയ പാരമ്പര്യം പോലുമില്ലാത്ത ഡോ. ജോ ജേക്കബ് എന്ത് ചെയ്യുവാനാണെന്ന് അണികള്‍ ചോദിക്കുന്നു. 2011ല്‍ രൂപീകൃതമായ തൃക്കാക്കര മൂന്ന് വട്ടം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നിന്നു. രണ്ട് വട്ടം പിടി തോമസും ഒരു തവണ ബെന്നി ബെഹ്നാനും ജയിച്ചുകയറി. ഈ മൂന്ന് തവണയും ആകെ വോട്ട് 50,000ത്തിന് മുകളില്‍ പിടിക്കുവാന്‍ സിപിഎമ്മിനായില്ല. 49,000ത്തില്‍ അധികം വോട്ട് നേടിയ സെബാസ്റ്റ്യന്‍ പോളാണ് എല്‍ഡിഎഫിനായി മികച്ച പ്രകടനം കാഴ്ച്ചവച്ചത്. ഈ സാഹചര്യത്തില്‍ ഒരു പുതുമുഖം രംഗത്തിറങ്ങിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. മറുവശത്ത് മണ്ഡലത്തില്‍ പിടി തോമസിന്റെ പ്രിയ പത്‌നി ഉമ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് വട്ടവും പിടിക്ക് വേണ്ടി വോട്ട്‌തേടി ഉമാ തോമസ് മണ്ഡലം മുഴുവന്‍ നിറഞ്ഞുനിന്നതാണ്. അതുകൊണ്ട്തന്നെ പ്രചാരണവും വോട്ട് തേടലുമൊന്നും ഉമയ്ക്ക് പുത്തരിയല്ല. ഉമ എത്തിയതോടെ പകുതി വിജയിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.