യെച്ചൂരി റിസോര്‍ട്ടിലെ നിത്യസന്ദര്‍ശകന്‍; തോമസിനെതിരെ സുധാകരന്‍
ഡല്‍ഹിയിലെത്തിയാല്‍ സിപിഐഎമ്മിന്റെ ഓഫീസില്‍ പോയി യെച്ചൂരിയെ കാണും. പലവട്ടം താക്കീത് നല്‍കിയിട്ടുണ്ട്...
കൊച്ചി: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎമ്മിന്റേയും ബിജെപിയുടേയും ഇടയില്‍ ഒരു ഇടനിലക്കാരന്‍ ഉണ്ടെന്ന് ഞങ്ങള്‍ കരുതുകയാണ്. സ്വര്‍ണ്ണ കടത്ത് അന്വേഷണം എവിടെ എത്തിയെന്ന് അറിയില്ല. അഖിലേന്ത്യ തലത്തില്‍ സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് കേരളത്തിലെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് സിപിഐഎമ്മിന്റെയും ബിജെപിയുടേയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എതിര്‍ക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും അടിച്ചമര്‍ത്തുകയാണ് പിണറായി. ഒരു സംസ്ഥാനത്ത് മാത്രം തുരുത്ത് പോലെ നില്‍ക്കുന്ന സിപിഐഎമ്മിന് എങ്ങനെയാണ് രാജ്യത്ത് ഉടനീളം മതേതരത്വത്തിന് വേണ്ടി പോരാടാന്‍ കഴിയുക. കോണ്‍ഗ്രസില്‍ ഇല്ലാത്ത പ്രതിപക്ഷ സഖ്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സ്റ്റാലിന്‍ പോലും നില്‍ക്കില്ല. കോണ്‍ഗ്രസിന്റെ പ്രസക്തി എല്ലാ പ്രതിപക്ഷ കക്ഷികളും മനസ്സിലാക്കിയപ്പോള്‍ ആ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ തങ്ങള്‍ ഇല്ലെന്ന് പറയുമ്പോള്‍ മതേതരത്വത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു. കെവി തോമസിനെക്കുറിച്ച് ആരെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ മോശമായി എഴുതിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഗുണം കൊണ്ടാണ്. നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ തലേ ദിവസവും പറഞ്ഞിട്ടുണ്ട്. കെവി തോമസിന് പരാതിയുണ്ടെങ്കില്‍ സിപിഐഎമ്മിനൊപ്പം പോവുകയല്ല പരിഹാരം. കെവി തോമസിനെ അനുകൂലിക്കുന്നവരുടെ ഒരാളുടെ പേരെങ്കിലും അദ്ദേഹത്തിന്റെ നാടായ എറണാകുളത്തോ മണ്ഡലത്തിലോ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന്റെ മനസ്സില്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ളത് ഭയങ്കര വികാരമാണ്. ഡല്‍ഹിയിലെത്തിയാല്‍ സിപിഐഎമ്മിന്റെ ഓഫീസില്‍ പോയി യെച്ചൂരിയെ കാണും. പലവട്ടം താക്കീത് നല്‍കിയിട്ടുണ്ട്. വ്യക്തി ബന്ധം സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, പാര്‍ട്ടി ഓഫീസില്‍ പോകുന്നത് തോമസ് മാഷെപ്പോലൊരാള്‍ക്ക് പറ്റില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. കെവി തോമസിന്റെ അദ്ദേഹത്തിന് കിട്ടിയ അധികാര സ്ഥാനമെല്ലാം ഷെയര്‍ കിട്ടിയതാണെന്നും അദ്ദേഹം പരിഹസിച്ചു. യെച്ചൂരി കെവി തോമസിന്റെ സ്വന്തം റിസോര്‍ട്ടില്‍ വന്നുപോകാറുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.