പിണറായിക്കെതിരെ മിണ്ടരുത്; ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ്

Sep 01, 2022 - 11:38
0
പിണറായിക്കെതിരെ മിണ്ടരുത്; ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ്

  പ്രതിപക്ഷം ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയിൽ നിന്ന്  സ്വർണക്കടത്ത്, എ.കെ.ജി സെന്റർ ആക്രമണം തുടങ്ങിയ വിഷയങ്ങളിലുള്ളവയെ  ഒഴിവാക്കിയ നിയമസഭാ സെക്രട്ടറിയേറ്റ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള ചോദ്യത്തിന് അനുമതി നൽകിയത് വിവാദമായി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കുകയും ഭരണപക്ഷ അംഗങ്ങൾക്ക് എന്താരോപണവും ഉന്നയിക്കാൻ വേദിയൊരുക്കുകയും ചെയ്യുന്ന നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധം ഉയർത്തി. സ്പീക്കറുടെ റൂളിങ് നിലനിൽക്കെ, അതിന് വിരുദ്ധമായി നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന്‌ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഉപചോദ്യങ്ങൾ ബഹിഷ്‌കരിക്കുകയും ചെയ്തു.
പ്രതിപക്ഷം നക്ഷത്ര ചിഹ്നമിട്ട്‌ കൊണ്ടുവരുന്ന ചോദ്യങ്ങൾ പോലും നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യമായി മാറ്റുന്ന സമീപനമാണ്‌ തുടരുന്നതെന്ന് വി.ഡി സതീശൻ സ്പീക്കറോട് പറഞ്ഞു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്‌ സംബന്ധിച്ച്‌ ചെയർ നേരത്തെ തന്നെ റൂളിങ്‌ നൽകിയതാണ്‌. അതിന്‌ വിരുദ്ധമായാണ്‌ ഈ ചോദ്യത്തിന്‌ അനുമതി നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്‌ സംബന്ധിച്ച്‌ എ.പി അനിൽകുമാറിന്റെ പരാതി ലഭിച്ചെന്നും ചെയർ പരിശോധിച്ച്‌ നടപടി സ്വീകരിച്ചുവെന്നും സ്പീക്കർ എം ബി രാജേഷ്‌ മറുപടി നൽകി. വലിയ തോതിൽ എഡിറ്റ്‌ ചെയ്‌താണ്‌ ഈ ചോദ്യം അവതരിപ്പിക്കാൻ അനുമതി നൽകിയത്‌. അംഗങ്ങൾ ചട്ടമനുസരിച്ചാകണം ചോദ്യങ്ങൾ നൽകേണ്ടത്‌. അഭ്യൂഹങ്ങൾ, ആരോപണങ്ങൾ തുടങ്ങിയവ ഉന്നയിക്കുന്നത്‌ ഒഴിവാക്കണം. ഇരുപക്ഷത്തു നിന്നും ഇത്തരത്തിലുള്ള പരാതികൾ ലഭിക്കുന്നുണ്ട്‌. അതിനാൽ ഇത്‌ അടുത്ത സമ്മേളനം മുതൽ അക്കാര്യങ്ങൾ കർശനമായി നടപ്പാക്കുമെന്നും സ്പീക്കർ പറഞ്ഞു. അങ്ങനെയെങ്കിൽ ഈ ചോദ്യം ഒഴിവാക്കുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചെങ്കിലും ലിസ്റ്റിൽ ഉൾപ്പെടുത്തി വന്ന ചോദ്യമായതിനാൽ ഒഴിവാക്കില്ലെന്ന്‌ സ്പീക്കർ പറഞ്ഞു.
അതേസമയം, സ്പീക്കറുടെ റൂളിങ് പ്രതിപക്ഷത്തിന് മാത്രമാണോ ബാധകമെന്ന് വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സ്വർണക്കടത്ത്, എ.കെജി സെന്റർ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം ചോദ്യങ്ങളിൽ ദുരാരോപണം ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവ അൺസ്റ്റാർഡിലേക്ക് മാറ്റിയതെന്ന് സ്പീക്കർ റൂളിങ് നൽകിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എം.പിമാരെ അധിക്ഷേപിച്ചും ഇന്ന് കെ.പി.സി.സി അധ്യക്ഷനെതിരെ ദുരാരോപണങ്ങൾ ഉൾപ്പെടുന്ന ചോദ്യങ്ങളും നിയമസഭയിൽ വന്നു. ഉപചോദ്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്തതിലൂടെ പ്രതിപക്ഷം ഉന്നയിച്ച പരാതി സ്പീക്കർ പരിഗണിച്ചെന്നാണ് കരുതുന്നത്. നിയമസഭാ സെക്രട്ടേറിയറ്റിൽ ആരാണ് കടന്നു കയറി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്ന് അറിയില്ല. ഇനി ഇത് സംഭവിക്കില്ലെന്ന ഉറപ്പ് സ്പീക്കർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User