ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയെ തേടിയ പൊലീസ് വലയിലായത് ഉത്തരേന്ത്യക്കാരായ കോടികളുടെ വ്യാജ ലോൺ തട്ടിപ്പ് സംഘം

ശ്രീകാര്യത്തെ വ്യാജ കോൾ സെന്ററിൽ റെയ്ഡ്; 18 പേർ പിടിയിൽ, 13 പേർ റിമാൻഡിൽ. 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു. മുഖ്യസൂത്രധാരൻ ഗുജറാത്ത് സ്വദേശി.

Jul 29, 2026 - 13:39
0
ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയെ തേടിയ പൊലീസ് വലയിലായത് ഉത്തരേന്ത്യക്കാരായ കോടികളുടെ വ്യാജ ലോൺ തട്ടിപ്പ് സംഘം

തിരുവനന്തപുരം: സംസ്ഥാന വ്യാപക ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാൻ' അന്വേഷണത്തിനിടെ പുറത്തുവന്നത് അന്തർദേശീയ തലത്തിൽ പ്രവർത്തിച്ചിരുന്ന വമ്പൻ സൈബർ തട്ടിപ്പ് ശൃംഖലയാണ്. ശ്രീകാര്യത്തെ ഒരു വാടക കെട്ടിടത്തിൽ കോൾ സെന്ററിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സംഘം അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പ് തട്ടിപ്പ് നടത്തിവരികയായിരുന്നു. നടത്തിയ റെയ്ഡിൽ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ 13 പേരെ കോടതി റിമാൻഡ് ചെയ്തു. അഞ്ചുപേർ ഹൗസ് കീപ്പിംഗ് ജീവനക്കാരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം കെട്ടിടം ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോൾ സെന്ററിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സൈബർ തട്ടിപ്പ് കേന്ദ്രം കണ്ടെത്തിയത്. ഓഫീസിൽ നിന്ന് ഏകദേശം 50 കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. 

അമേരിക്കൻ ഉച്ചാരണത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരെയാണ് സംഘം ഉപയോഗിച്ചിരുന്നത്. കുറഞ്ഞ പലിശയിൽ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്ന വാഗ്ദാനം നൽകി അമേരിക്കൻ പൗരന്മാരെ ഫോണിൽ ബന്ധപ്പെടുകയും അവരുടെ വിശ്വാസം നേടിയശേഷം പ്രോസസിങ് ഫീസ്, ഇൻഷുറൻസ് ചാർജ് തുടങ്ങിയ പേരുകളിൽ പണം വാങ്ങുകയുമായിരുന്നു. പണം ലഭിച്ചാൽ പിന്നീട് ബന്ധം വിച്ഛേദിക്കുകയോ കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

സംഘത്തിന്റെ മുഖ്യസൂത്രധാരന്മാർ ഗുജറാത്ത് സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. രണ്ട് പ്രധാന പ്രതികൾ പോലീസിന്റെ പിടിയിലായപ്പോൾ മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണ്. രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മറ്റൊരാളെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. ചില പ്രതികൾ റെയ്ഡിനിടെ രക്ഷപ്പെട്ടതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഘം പ്രവർത്തനം ആരംഭിച്ചത് ഏതാനും ആഴ്ചകൾക്കു മുൻപാണെങ്കിലും, ഇതിനകം നിരവധി വിദേശികളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഉറവിടവും ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User