അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നപ്പോള്‍ അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഗന്ധം: കെ.സുധാകരന്‍ എംപി

അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നപ്പോള്‍ അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഗന്ധം: കെ.സുധാകരന്‍ എംപി

  അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നതോടെ അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഗന്ധം പുറത്ത് വരുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്‌ന വെളിപ്പെടുത്തിയശേഷം മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതി സരിത്തിനെതിരായ വിജിലന്‍സ് നടപടിയില്‍ ദുരൂഹതയുണ്ട്.സര്‍ക്കാരും മുഖ്യമന്ത്രിയും എന്തെല്ലാമോ മറക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്ന് സംശയിച്ചാല്‍ കുറ്റംപറയാനാകില്ല.മുഖ്യമന്ത്രിക്കെതിരായി ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയവരെ ഭീക്ഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമം.അധികാര ദുര്‍വിനിയോഗം അവസാനിപ്പിച്ച് തന്റേടത്തോടെ നിയമത്തെ നേരിടാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടതെന്നും മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് കൂട്ടുനില്‍ക്കുകയും ആ കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വികൃത മുഖംപുറത്ത് വന്നിട്ടും അതിനെ ന്യായീകരിക്കുന്ന സിപിഎമ്മിന്റെയും ഇടതു നേതാക്കളുടെയും തൊലിക്കട്ടി അപാരം തന്നെയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. പുതിയ വെളിപ്പെടുത്തലോടെ ജനത്തിന് കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. പുതിയ ആരോപണങ്ങളെ വെറും രാഷ്ട്രീയ ഗൂഢാലോചന എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാന്‍ സിപിഎം ശ്രമിക്കണ്ട്. അത് വിലപ്പോകില്ല. ഈ കേസിലെ പുതിയ വെളിപ്പെടുത്തലിലും ഗൂഢാലോചന സംബന്ധിച്ച ആരോപണത്തിലും സമഗ്രമായ അന്വേഷണം വേണം. ഇതുമായി ബന്ധപ്പെട്ട എല്ലാ സത്യാവസ്ഥകളും പുറത്തുവരേണ്ടത്ത് കേരളത്തിന്റെ അഭിമാനപ്രശ്‌നം കൂടിയായിമാറി.സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു. ഇന്നത്തെ മുഖ്യമന്ത്രി സോളാര്‍ കേസിലെ പ്രതികളുടെ മൊഴികളുടെ പേരില്‍ ആത്മരോഷം പൂണ്ട് യുഡിഎഫിനെയും അന്നത്തെ മുഖ്യമന്ത്രിയേയും വേട്ടയാടിയ സിപിഎം സെക്രട്ടറിയായിരുന്നുയെന്നത് ചരിത്രത്തിന്റെ വികൃതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ 2015 ല്‍ ഫെയ്‌സ്ബുക്കില്‍ കോറിയിട്ട വാക്കുകള്‍ കടമെടുത്ത് തന്നെ പറയുകയാണ് ‘ ആരോപണ വിധേയര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ നീതിപൂര്‍വ്വമായ അന്വേഷണം സാധ്യമല്ല’ എന്നും സുധാകരന്‍ ഓര്‍മ്മപ്പെടുത്തി. ധാര്‍ഷ്ട്യത്തോടെ അധികാരക്കസേരയില്‍ അടയിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെങ്കില്‍ കേരളം ഇന്നെവരെ കാണാത്ത പ്രതിഷേധക്കൊടുങ്കാറ്റിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു. തുടര്‍ സമരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച സ്വര്‍ണ്ണക്കടത്ത് മുഖ്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റുകള്‍ വളഞ്ഞ് വെക്കും. തൃക്കാക്കരയില്‍ ഇടത് മന്ത്രിസഭക്കേറ്റ ആദ്യത്തെ ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നെങ്കില്‍ സ്വര്‍ണ്ണക്കടത്ത് കേസ്സ് പിണറായി സര്‍ക്കാരിന്റെ അടിത്തറയിളക്കുന്ന മരണവാറണ്ടായിരിക്കും. പിണറായി വിജയനും സന്തത പരിവാരങ്ങള്‍ക്കും ഇനിയും ഓടിയൊളിക്കാനാവില്ല കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.