ഗ്രൂപ്പ് പോര് ശക്തം: ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

ഗ്രൂപ്പ് പോര് ശക്തം: ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

   ബിജെപി കാസറഗോഡ്  ജില്ലാ കമ്മിറ്റി ഓഫീസ്‌ പ്രവർത്തകർ വീണ്ടും ഉപരോധിച്ചു. മാസങ്ങൾക്ക് മുൻപ് പ്രവർത്തകർ ഇതേ ഓഫീസ് താഴിട്ടു പൂട്ടിയിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്നാണ്  പ്രവര്‍ത്തകര്‍ വീണ്ടും ഉപരോധിച്ചത്.  സംസ്ഥാന  സെക്രട്ടറി കെ. ശ്രീകാന്ത്, നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി. മണികണ്ഠ റൈ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.

കുമ്പളയിലെ സംഘടനാ വിഷയം, ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ അഴിമതി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോള്‍ കാസര്‍ഗോഡുണ്ടായ ഉപരോധത്തിന് കാരണമായത്.

കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടിനെതിരെയാണ് പ്രവര്‍ത്തകര്‍ പ്രധാനമായും പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ആവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കുള്ള സി.പി.ഐ.എം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാക്കിയത് ബി.ജെ.പി നേതാക്കളായ കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, മണികണ്ഠ റൈ എന്നിവരാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.