എനിക്ക് ഒരു പക്ഷം, അത് സിപിഐ പക്ഷം'; കാനം പക്ഷത്തേക്ക് ചാഞ്ഞുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രകാശ് ബാബു
'എനിക്ക് ഒരു പക്ഷം മാത്രമേ ഉള്ളൂ. അത് സിപിഐ പക്ഷമാണ്. അതിൽ എന്നെ വിശ്വസിക്കാം. സിപിഐയിലും ഒരു പക്ഷമേ പാടുള്ളൂ. അതിൽ താൻ വിശ്വസിക്കുന്നു'.
സിപിഐയിൽ ഇസ്മയിൽ പക്ഷത്ത് നിന്ന് കാനം പക്ഷത്തേക്ക് ചാഞ്ഞുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ഫേസ്ബുക്ക് പോസ്റ്റിട്ടു. സിപിഐയിലും ഒരു പക്ഷമേ പാടുള്ളു എന്നും പ്രകാശ് ബാബു പറഞ്ഞു. 'സത്യവും മിഥ്യയും' എന്ന തലക്കെട്ടോടെയാണ് പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. സിപിഐയുടെ കമ്മിറ്റികളുടെ നടപടിക്രമങ്ങൾ ബോധപൂർവം വളച്ചൊടിച്ച് മാധ്യമങ്ങൾക്ക് കൊടുക്കുന്നവർ, മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതിന് വളമിടുകയാണ് ചെയ്യുന്നതെന്നും പ്രകാശ് ബാബു കുറിച്ചു.
സിപിഐയിൽ കാനം പക്ഷത്തിന്റെ വിമർശകനായി അറിയപ്പെട്ടിരുന്ന പ്രകാശ് ബാബു, ഇന്നലെ സംസ്ഥാന കൗൺസിലിൽ, പ്രായപരിധി വിവാദത്തിൽ, കാനം രാജേന്ദ്രനെ പിന്തുണച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന് ഉയര്‍ന്ന പ്രായപരിധി 75 വയസ്സാക്കാനാണ് സിപിഐ തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലാ സെക്രട്ടറിക്ക് 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സും പ്രായപരിധി നിശ്ചയിക്കാമെന്ന നിർദേശം കാനം മുന്നോട്ടു വച്ചു. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായ തീരുമാനം നടപ്പാക്കാനാകില്ലെന്ന് കെഇ ഇസ്മയിലും ഒപ്പമുള്ളവരും വാദിക്കുന്നതിനിടെയാണ് സംസ്ഥാന കൗൺസിലിൽ പ്രകാശ് ബാബു കാനത്തിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയത്.