ഒരുമിച്ച് നിന്നാല്‍ ബിജെപിയെ പുഷ്പം പോലെ പുറത്താക്കാം ; പ്രതിപക്ഷ പാര്‍ട്ടികളോട് നിതീഷ് കുമാര്‍
പ്രതിപക്ഷ ഐക്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏകദേശം 50 സീറ്റുകളിലേക്ക് ബി.ജെ.പിയെ ഒതുക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ദേശീയ എക്സിക്യൂട്ടീവിന് തൊട്ടുപിന്നാലെ നടന്ന ജെ.ഡി.യുവിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാറിന്റെ പരാമര്‍ശം.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു നേരിട്ട പരാജയം ‘ബി.ജെ.പിയുടെ ഗൂഢാലോചന’യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ബി.ജെ.പി തോല്‍പ്പിക്കാനാകാത്ത ശക്തിയൊന്നുമല്ല. സുഖമായി അതിനെ ഇല്ലാതാക്കാന്‍ കഴിയും. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റമനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കണം,’ നിതീഷ് കുമാര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ച നിതീഷ് കുമാര്‍ ദല്‍ഹിയിലെത്തും. മൂന്ന് പതിറ്റാണ്ടോളം ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ജെ.ഡി.യു അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് സാമൂഹികവും സാമുദായികവുമായ സൗഹാര്‍ദം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും പഞ്ചായത്ത് തലത്തില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ബി.ജെ.പിടെ ശ്രമങ്ങളെ ഇല്ലാതാക്കണമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ കെ.സി.ആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി മുക്ത ഭാരതത്തിനായുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് ഇരുവരുടെയും പ്രതികരണം.
സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍പോലും പരിഗണിക്കാതെ വെറും ‘തള്ള്’ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
വാജ്പേയിയുടെ കാലത്ത് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.