51 കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു
കഴിഞ്ഞ ദിവസ്സം കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കശ്മീർ കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി. കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ യൂണിറ്റിലെ 51 ഓളം നേതാക്കളാണ് പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന താര ചന്ദും രാജി വെച്ചവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
താര ചന്ദിനെ കൂടാതെ മുന്‍ മന്ത്രിമാരായ മാജിദ് വാനി, ഡോ. മനോഹര്‍ ലാല്‍ ശര്‍മ, ചൗധരി ഗുരു റാം, മുന്‍ എം.എല്‍.എ താക്കൂര്‍ ബല്‍വാന്‍ സിങ്, മുന്‍ ജനറല്‍ സെക്രട്ടറി വിനോദ് മിശ്ര എന്നിവരും രാജിവെച്ചവരിലുണ്ട്.
രാജിവെച്ച 51 നേതാക്കളും ഗുലാം നബി ആസാദ് നയിക്കുന്ന ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഒന്നിച്ച് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ഇതുവരെ 64 നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയായ ആസാദ് അഞ്ചു ദശകങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത് വെള്ളിയാഴ്ചയായിരുന്നു. പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിച്ചുവെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന പാര്‍ട്ടി സംവിധാനം രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും ആരോപിച്ചാണ് ആസാദ് രാജിവെച്ചത്. രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിയെ അതിരൂക്ഷമായി ആസാദ് വിമര്‍ശിച്ചിരുന്നു. രാഹുലിന്റെ പക്വതയില്ലായ്മായാണ് രാജ്യത്ത് യു.പി.എ ഭരണം ഇല്ലാതാകാനുള്ള കാരണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.