മറക്കാൻ കഴിയുന്നതല്ല കഴിഞ്ഞ 19 ദിവസത്തെ യാത്ര : രാഹുൽ ഗാന്ധി

മറക്കാൻ കഴിയുന്നതല്ല കഴിഞ്ഞ 19 ദിവസത്തെ യാത്ര : രാഹുൽ ഗാന്ധി

ഞാൻ ഇവിടെ ജനിച്ചവനല്ല, എന്നിട്ടും നിങ്ങളെന്നെ നെഞ്ചോടു ചേർത്തു. ഒരുപാടു സ്നേഹം തന്നു. ഒത്തിരി ബഹുമാനിച്ചു. മറക്കാൻ കഴിയുന്നതല്ല കഴിഞ്ഞ 19 ദിവസങ്ങളായി കേരളത്തിലൂ‌ടെയുള്ള യാത്ര. മതേതര മൂല്യങ്ങൾക്ക് എല്ലാ കാലത്തും മഹിമ കല്പിക്കുന്നതാണ് കേരളത്തിന്റെ സംസ്കാരം. ഭാരത് ജോഡോ യാത്രയിലുടനീളം അതു പ്രകടമായി. അമ്മമാരും കുഞ്ഞുങ്ങളും ആദിവാസികളും ദളിതരും യുവാക്കളും വിദ്യാർഥികളുമൊക്കെ ജാഥയിൽ അണിനിരന്നു. അവരെല്ലാം ആ​ഗ്രഹിക്കുന്നത് മതേതര ഭാരതത്തിന്റെ നിലനില്പാണ്. ആ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടു വയ്പുകളാണ് ഈ യാത്രയിൽ പങ്കെടുത്ത ഓരോരുത്തരും ന‌ടത്തിയത്. ഹൃദയം നിറഞ്ഞ നന്ദി, എന്റെ രണ്ടാം വീട്ടിലെ കുടുംബാം​ഗങ്ങളോട്.” ഭാരത് ജോഡോ നയിച്ച് കേരളത്തിലെത്തി 19 ദിവസം പൂർത്തിയാക്കിയ രാഹുൽ ​ഗാന്ധി ഇന്നു രാവിലെ ഒപ്പം ന‌ടന്നവരോ‌ടായി പറഞ്ഞു.

സ്വന്തം നിയോജകമണ്ഡലത്തിലൂടെയായിരുന്നു (വയനാട്) രഹുലിന്റെ പദയാത്ര.അതുകൊണ്ടു തന്നെ യാത്രയ്ക്ക് വല്ലാത്തൊരു ​ഗൃഹാതുരത്വമുണ്ടായിരുന്നു. പദയാത്രയിൽ പങ്കെടുത്തതിന്റെ പതിന്മടങ്ങായിരുന്നു വഴിനീളെ രാഹുലിനെ ഒരു നോക്കു കാണാൻ കാത്തു നിന്നവരുടെ നീണ്ട നിര. അടുത്തെത്തിയവരെ വാരിപ്പുണർന്നും, അകലെ നിന്നവരെ കൈവീശിയും ഒപ്പം നടന്നവരോട് കുശലം പറഞ്ഞും രാഹുൽ നടന്നു നീങ്ങി. കാൽനടയാത്ര മൂന്നാഴ്ച പിന്നിട്ടിട്ടും, ദൂരം 550 കിലോമീറ്റർ താണ്ടിയിട്ടും ക്ഷീണം ലവലേശമില്ലാതെ, പ്രസരിപ്പിന് ഒരു കുറവുമില്ലാതെ, ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലൂടെ രാഹുൽ ​ഗാന്ധി തമിഴ്നാട്ടിലേക്ക് . ഇന്നു തമിഴകത്തു തങ്ങും. നാളെ മുതൽ കർണാടകത്തിന്റെ ഹൃദയ ഭൂമിയിലൂടെ വിശ്വാസ തീക്ഷ്ണമായ തീർഥയാത്ര തുടരും.