നിസ്സാരമെന്ന് കരുതിയ മറുക് കാൻസറായി; 26-ാം വയസ്സിൽ അലോന്ദ്ര വിടപറഞ്ഞു

Ignored Facial Mole Turns Fatal: TikTok Creator Alondra Sierra Passes Away at 26 From Stage 4 Melanoma

നിസ്സാരമെന്ന് കരുതിയ മറുക് കാൻസറായി; 26-ാം വയസ്സിൽ അലോന്ദ്ര വിടപറഞ്ഞു
നിസ്സാരമെന്ന് കരുതിയ മറുക് കാൻസറായി; 26-ാം വയസ്സിൽ അലോന്ദ്ര വിടപറഞ്ഞു

ർമത്തിലുണ്ടാകുന്ന നിസ്സാര മാറ്റങ്ങൾ പോലും മാരകമായേക്കാമെന്ന ഗൗരവമേറിയ മുന്നറിയിപ്പ് ലോകത്തിന് നൽകി 26-ാം വയസ്സിൽ യുവതി വിടപറഞ്ഞത്​ അവസാന നിമിഷം വരെ പോരാടിയ ശേഷം. നാലാം ഘട്ട മെലനോമ (ചർമാർബുദം) ബാധിച്ച് ചികിത്സയിലായിരുന്ന പ്രമുഖ യുഎസ് ടിക്ടോക് ക്രിയേറ്ററും ബോധവൽക്കരണ പ്രവർത്തകയുമായ അലോന്ദ്ര സിയറയാണ് ജൂലൈ 17-ന് അന്തരിച്ചത്.

സ്വന്തം ജീവിതം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവസാന നിമിഷം വരെ പോരാടിയ അലോന്ദ്രയുടെ സന്ദേശങ്ങൾ ഇന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുതുറപ്പിക്കുകയാണ്. "എന്റെ കഥ നിങ്ങളുടേതായി മാറരുത്; നിങ്ങളുടെ ശരീരം നൽകുന്ന ലക്ഷണങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്," എന്ന അലോന്ദ്രയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിക്കഴിഞ്ഞു.

ഒരു ചെറു മറുകിൽ തുടക്കം

19-ാം വയസ്സിലാണ് അലോന്ദ്രയുടെ നെറ്റിയിൽ ചെറിയൊരു മറുക് പ്രത്യക്ഷപ്പെടുന്നത്. കാലക്രമേണ ഇതിന്റെ നിറം തവിട്ടിൽ നിന്ന് കടും കറുപ്പായി മാറി. ആ പ്രായത്തിൽ അർബുദ സാധ്യതയെക്കുറിച്ച് ചിന്തിക്കാതിരുന്നതിനാൽ മൂന്ന് വർഷത്തോളമാണ് പരിശോധനകൾ വൈകിയത്.

2022-ൽ (22-ാം വയസ്സിൽ) നടത്തിയ പരിശോധനയിലാണ് അലോന്ദ്രയ്ക്ക് 'മെലനോമ' സ്ഥിരീകരിക്കുന്നത്. അപ്പോഴേക്കും രോഗം പടർന്നു തുടങ്ങിയിരുന്നു. "തുടക്കത്തിലേ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണിച്ച് വാർഷിക പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഈ വേദനകളിലൂടെ എനിക്ക് കടന്നുപോകേണ്ടി വരുമായിരുന്നില്ല," എന്ന് പിന്നീട് കരച്ചിലോടെ അലോന്ദ്ര ഓർത്തെടുത്തിരുന്നു.

എന്താണ് മെലനോമ?

ചർമാർബുദങ്ങളിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് മെലനോമ. ചർമത്തിന് നിറം നൽകുന്ന 'മെലനോസൈറ്റുകൾ' എന്ന കോശങ്ങളെയാണ് ഇത് ബാധിക്കുന്നത്. അതിവേഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നു എന്നതാണ് ഇതിന്റെ തീവ്രത കൂട്ടുന്നത്. യുഎസിൽ മാത്രം പ്രതിവർഷം 8,500-ലധികം ആളുകളാണ് മെലനോമ മൂലം മരിക്കുന്നത്. 30 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരിൽ ഇന്ന് വർധിച്ചുവരുന്ന പ്രധാന അർബുദങ്ങളിലൊന്നാണിത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികൾ, ആർട്ടിഫിഷ്യൽ ടാക്കിങ്, യുവി ലൈറ്റുകൾ എന്നിവ ഇതിനുള്ള പ്രധാന കാരണങ്ങളാണ്.

വേദനകൾക്കിടയിലും തുടർന്ന പോരാട്ടം

2022 മുതൽ സർജറികൾ, റേഡിയേഷൻ, ഇമ്മ്യൂണോതെറാപ്പി എന്നിവയ്ക്ക് വിധേയയായെങ്കിലും 2024-ഓടെ രോഗം അലോന്ദ്രയുടെ തലയോട്ടി, നട്ടെല്ല്, ഇടുപ്പ്, വാരിയെല്ലുകൾ, വയർ എന്നിവിടങ്ങളിലേക്ക് പടർന്നു. 2026 ജനുവരിയിൽ ഇമ്മ്യൂണോതെറാപ്പി പരാജയപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് തലച്ചോറിലേക്ക് പടർന്ന അർബുദത്തിനെതിരെ പോരാടാൻ ജൂണിൽ റേഡിയേഷനും വിധേയയായി.

കഠിനമായ വേദനകൾക്കിടയിലും സമൂഹമാധ്യമങ്ങളിലൂടെ സൺസ്ക്രീനുകളുടെ പ്രാധാന്യത്തെക്കുറിച്ചും യുവി രശ്മികളുടെ അപകടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ അലോന്ദ്ര സമയം കണ്ടെത്തിയിരുന്നു. സ്വന്തം രോഗപീഡകൾ മറന്ന് മറ്റുള്ളവരുടെ ജീവൻ കാക്കാൻ നടത്തിയ ആ പോരാട്ടം അവസാന ശ്വാസം വരെ അവൾ തുടർന്നു.