സ്വപ്നയുടെ സർട്ടിഫിക്കറ്റ് ഒറിജിനലോ അതോ വ്യാജമോ?
സ്‌പെയ്‌സ് പാർക്കിൽ ജോലിയിൽ പ്രവേശിക്കാൻ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം നിലച്ചു. 2020 ജൂലൈയിൽ, സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കർ ടെക്നോളജിക്കൽ സർവകലാശാല സ്ഥിരീകരിച്ചെങ്കിലും, കേസെടുത്ത കന്റോൺമെന്റ് പൊലീസ് വർഷങ്ങളായി അന്വേഷണം തുടരുകയാണ്. സർട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചാൽ ജോലി നേടാൻ സഹായിച്ച ഉന്നതരും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം എങ്ങുമെത്താത്തത്. അന്വേഷണത്തിനായി മഹാരാഷ്ട്രയിലേക്കു ഉടൻ പുറപ്പെടുമെന്ന മറുപടിയാണ് വർഷങ്ങളായി പൊലീസിൽനിന്ന് ലഭിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസ് തന്നെ സ്പേസ് പാർക്കിൽ നിയോഗിച്ചതെന്നു സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.
സ്വപ്ന ബാബാ സാഹിബ് അംബേദ്ക്കർ ടെക്നോളജിക്കൽ സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് ഇല്ലെന്നും സർവകലാശാല അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വപ്ന സർക്കാരിൽ സമർപ്പിച്ച സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമായിരുന്നു. സുരക്ഷാ മുദ്രകളും ഉണ്ടായിരുന്നില്ല. ഇതേ സർട്ടിഫിക്കറ്റാണ് എയർ ഇന്ത്യാ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ചത്. എയർ ഇന്ത്യ സാറ്റ്സ് കേസിൽ പൊലീസ് ഈ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നു പരിശോധിക്കാൻ മഹാരാഷ്ട്രയിൽ അന്വേഷണത്തിനായി പോകാൻ ആലോചിക്കുന്നുണ്ടെന്നു കന്റോണ്‍മെന്റ് പൊലീസ് പ്രതികരിച്ചു.