മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോണ്‍ഗ്രസ്.  നിരാശയുണ്ടാക്കുന്ന വിധിയെന്ന് മുസ്ലിംലീഗ് പറഞ്ഞപ്പോൾ വിധിയെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. മുന്നോക്ക സംവരണ വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ നിലവിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപെടരുത്. ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും കെ സുധാകന്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി രണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പിയും പ്രതികരിച്ചു. സുപ്രീംകോടതി വിധി ജനാഭിലാഷത്തിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ, ബില്ലിനെ പിന്തുണച്ച പ്രതിനിധി എന്ന നിലയിൽ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.


എൻഎസ്എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. കാലങ്ങളായി ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടതായി ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. സംവരണം പൂര്‍ണമായും സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്ന്  ജി സുകുമാരൻ നായര്‍ ആവശ്യപ്പെട്ടു. മോദിയുടെ നിലപാടിന്‍റെ വിജയമെന്നാണ് ബിജെപി പ്രതികരണം.  വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം, മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ലെന്നും സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.