അഗ്നിപഥിനെതിരെ പ്രതിഷേധാഗ്നി: തെലങ്കാനയില്‍ ഒരാള്‍ മരിച്ചു; ട്രെയിനുകള്‍ കത്തിച്ചു, സര്‍വീസുകള്‍ റദ്ദാക്കി

കേരളത്തിൽ കാത്തിരിക്കുന്ന 2500 പേർ പുറത്താകും

അഗ്നിപഥിനെതിരെ  പ്രതിഷേധാഗ്നി: തെലങ്കാനയില്‍ ഒരാള്‍ മരിച്ചു; ട്രെയിനുകള്‍ കത്തിച്ചു, സര്‍വീസുകള്‍ റദ്ദാക്കി

  അഗ്നിപഥ്’ പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം കടുക്കുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു. 15 പേർക്കു പരുക്കേറ്റു. റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു പൊലീസ് ആകാശത്തേയ്ക്കു വെടിയുതിർത്തിരുന്നു. മൂന്നു പാസഞ്ചർ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീവച്ചു. റെയിൽവേ സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തു. ട്രെയിനുകൾക്ക് ഉള്ളിൽനിന്നു ചരക്കുസാധനങ്ങൾ പുറത്തേയ്ക്കു വലിച്ചിട്ട പ്രതിഷേധക്കാർ, ഇവ ട്രാക്കിലിട്ടു കത്തിച്ചു.

ഈ പദ്ധതിയെ എന്തുകൊണ്ട് ഇത്രകണ്ട് എതിർക്കുന്നു?

കര, നാവിക, വ്യോമ സേനകളിൽ ഓഫിസർ ഇതര നിയമനങ്ങൾ (ജവാൻ, സെയ്‌ലർ, എയർ വോറിയർ) ഇനി ‘അഗ്നിപഥ്’ വഴി മാത്രമായിരിക്കും. ഉദ്യോഗാർഥികളുടെ ആശങ്ക: ഇതുവരെ 15 വർഷത്തേക്കായിരുന്നു നിയമനം; തുടർന്നു പെൻഷനും ലഭിക്കുമായിരുന്നു. ‘അഗ്നിപഥ്’ പദ്ധതിയിലാകട്ടെ 4 വർഷത്തെ സർവീസിനു ശേഷം 25% പേർക്കു മാത്രമേ തുടരാനാകൂ. ബാക്കി 75% പേർക്കു ജോലി നഷ്ടമാകും. ഇവർക്കു പെൻഷനില്ല. പകരം 11.71 ലക്ഷം രൂപ ലഭിക്കും.

സേനാംഗങ്ങളുടെ ആശങ്ക:

  ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കും. യുദ്ധസമാന സാഹചര്യങ്ങളിൽ ജീവൻ നൽകാൻ വരെ തയാറാകുന്ന സ്ഥിര നിയമനക്കാരുടെ പോരാട്ടവീര്യം, 4 വർഷത്തേക്കു മാത്രം സേവനത്തിനെത്തുന്നവരിൽനിന്നു ലഭിച്ചേക്കില്ല. ശരിയായ പരിശീലനം ലഭിക്കാത്തവരെ അതിർത്തിയിൽ നിയോഗിക്കുന്നത് സുരക്ഷയെ ബാധിക്കാം. പ്രതിപക്ഷ വിമർശനം: ആയുധ പരിശീലനം നേടിയ യുവാക്കൾ 4 വർഷത്തെ സേവനത്തിനു ശേഷം തൊഴിൽരഹിതരായി പുറത്തിറങ്ങുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാകും

നിയമനങ്ങൾ ‘അഗ്നിപഥ്’ വഴിയാക്കിയതോടെ കേരളത്തിലും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പുറത്താകും. കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലേക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഫിസിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. എഴുത്തുപരീക്ഷ കോവിഡ് മൂലം നീട്ടിവച്ചു. കേരളത്തിലെ 2500 പേരുൾപ്പെടെ എഴുത്തുപരീക്ഷയ്ക്കു കാത്തിരിക്കുന്നതിനിടെയാണ്, നിയമനങ്ങൾ ‘അഗ്നിപഥ്’ വഴിയെന്ന പ്രഖ്യാപനമെത്തിയത്. എന്നാൽ, പ്രായപരിധി 23 വയസ്സാക്കി വർധിപ്പിച്ചത് ഇവരിൽ പലർക്കും ആശ്വാസമാകും.