കെഎസ്ആര്‍ടിസി വേതനം നല്‍കി തുടങ്ങി; തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു

കെഎസ്ആര്‍ടിസി വേതനം നല്‍കി തുടങ്ങി; തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു



കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കുകയാണെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ അറിയിച്ചു. ശമ്പളം പൂര്‍ണമായി വിതരണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നായിരുന്നു മാനേജമെന്റ് നല്‍കിയ അറിയിപ്പ്. എന്നാല്‍ 7 മണിയോടെ തന്നെ ശമ്പളം നല്‍കി തുടങ്ങി. ശമ്പളത്തിനുള്ള പണം കോര്‍പ്പറേഷന്‍ അക്കൗണ്ടിലെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം 30 കോടിയും, ഓവര്‍ഡ്രാഫ്റ്റ് 45 കോടിയുമാണെത്തിയത്.

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകള്‍ സമരം ശക്തമാക്കിയിരുന്നു. ഈസ്റ്റര്‍ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരം ശക്തമാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല ധര്‍ണ്ണയും നടത്തിയിരുന്നു.