ശബരിമലയിലെ നിത്യ സന്ദര്‍ശകന്‍; ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്ക് രൂക്ഷ വിമര്‍ശനം

ശബരിമലയിലെ നിത്യ സന്ദര്‍ശകന്‍; ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്ക് രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ കെ യു ജനീഷ്‌കുമാര്‍ എം എല്‍ എക്കെതിരെ രൂക്ഷവിമര്‍ശനം. എം എല്‍ എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാര്‍ട്ടി നിലപാടുകള്‍ക്ക് വിപരീതമാണ് എം എല്‍ എയുടെ സമീപനം എന്നും വിമര്‍ശനം ഉയര്‍ന്നു. സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ എം എല്‍ എ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിനിധികള്‍ ചോദിച്ചു. ഡി വൈ എഫ് ഐയുടെ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ഇതെന്നും കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. ഈ വിമര്‍ശനത്തിന് മറ്റിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൈയ്യടിച്ച് പിന്തുണച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍  മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീമിനും വിമര്‍ശനം ഉണ്ടായിരുന്നു. സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഹമ്മദ് റിയാസ്, എഎ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സംഘടനയുടെ പോരായ്മകളും വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടിലെന്നും ആരോപണം ഉയര്‍ന്നു.