ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് മാംസാഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാന്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലും ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാന്‍ നിര്‍ദേശിച്ചത്. ഭരണ പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്.