സുരഭി രക്ഷകയായി; യുവാവിനും കുടുംബത്തിനും പുതുജീവന്‍

സുരഭി രക്ഷകയായി; യുവാവിനും കുടുംബത്തിനും പുതുജീവന്‍

കോഴിക്കോട്: നഗരത്തില്‍ വഴിതെറ്റി കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാ നടി സുരഭി ലക്ഷ്മി കണ്ടു. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു സമയത്ത് ആശുപത്രിയിലെത്തിക്കാനും ജീവന്‍ രക്ഷിക്കാനുമായി. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണ് മനോദൗര്‍ബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് പകല്‍ മുഴുവനും നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്‌റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഭര്‍ത്താവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്‌റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനത്തില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. െ്രെഡവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും കൂടെപ്പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്‌റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്‌റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.