നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റില്ല ; ഹൈക്കോടതി ഉത്തരവിറക്കി
നടിയെ ആക്രമിച്ച കേസില്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഇറക്കി. ജഡ്ജിയെ മാറ്റില്ല
മറ്റന്നാള്‍ കേസ് പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്. നിലവില്‍ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്‍റെ മേല്‍നോട്ടത്തിലാണ് വിചാരണ.
ജഡ്ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോള്‍ കേസും മാറ്റുകയായിരുന്നു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജിയായി മാറ്റിയതിനെ തുടര്‍ന്നാണ് കോടതി മാറ്റം. കേസ് ഫയലുകള്‍ സി.ബി.ഐ കോടതിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവിറങ്ങി. അഭിഭാഷകര്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
അതേസമയം, വനിത ജഡ്ജിയുടെ കീഴിലെ വിചാരണയില്‍ അതൃപ്തി രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി ഈയിടെ വിമര്‍ശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി.
എന്നാല്‍ പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.