കുട്ടികളെ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

കുട്ടികളെ ഉപയോഗിച്ച്    മതവിദ്വേഷം പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

   ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാൽ അടിയന്തര നിയമനടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും കമ്മീഷൻ ചെയർപേഴ്‌സൺ  കെ.വി. മനോജ് കുമാർ, അംഗങ്ങളായ  ബബിത ,  വിജയകുമാർ എന്നിവരുടെ ഫുൾ ബഞ്ച് ഉത്തരവായി.
 കുട്ടികളുടെ സമഗ്ര വികസനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശികതലത്തിൽ കലാ-കായിക സാംസ്‌കാരിക സംരംഭങ്ങൾ സജീവമാക്കാനും നടപടി സ്വീകരിക്കണം. കുട്ടികളിൽ മതേതരവും, ശാസ്ത്രീയവുമായ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പാഠ്യപദ്ധതികൾക്ക് രൂപം നൽകാനും സംസ്ഥാന പോലീസ് മേധാവിക്കും,  വനിതാ-ശിശു വികസന വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും കമ്മീഷൻ  നർദ്ദേശം നൽകി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി 60 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിർദ്ദേശം നൽകി.