വെള്ളം ഇഷ്ടംപോലെ നല്‍കും; പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍

വെള്ളം ഇഷ്ടംപോലെ നല്‍കും; പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍



ശിരുവാണി അണക്കെട്ടില്‍ നിന്നും തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എഴുതിയ കത്തിന് മറുപടിയായാണ് പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. പിന്നാലെ സ്റ്റാലിന്‍ ട്വിറ്ററിലൂടെ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
ജൂണ്‍ 20 മുതല്‍ അണക്കെട്ടിന്റെ പരമാവധി ഡിസ്ചാര്‍ജ് അളവായ 103 എംഎല്‍ഡി ജലം തമിഴ്നാടിന് ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ച എത്രയും പെട്ടെന്ന് നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍ നഗരത്തിന്റെ പ്രധാന ജല സ്രോതസ് ശിരുവാണി അണക്കെട്ടാണ്. ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരം 1.30 ടിഎംസി വെള്ളമായിരുന്നു കേരളം തമിഴ്നാടിന് നല്‍കേണ്ടത്. എന്നാല്‍ നിലവില്‍ 0.484 മുതല്‍ 1.128 ടിഎംസി വരെയാണ് ലഭിക്കുന്നത്. നഗരത്തിലെ ജലക്ഷാമം കണക്കിലെടുത്ത് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെടണം എന്നായിരുന്നുന്നു എംകെ സ്റ്റാലിന്റെ ആവശ്യം. ഇതിനെത്തുടര്‍ന്നാണ് പരമാവധി ജലം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചത്.