ഒരു കുപ്പി വെള്ളത്തിന് 481, ഹോട്ട് ഡോഗിന് 818 രൂപ! ലോകകപ്പ് ഫൈനൽ കാണാൻ പോയാൽ ഭക്ഷണ ബില്ല് മാത്രം ഞെട്ടിക്കും
Hungry at the World Cup Final? Stadium Food Prices Are Raising Eyebrows
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026 ഫൈനൽ കാണാൻ ടിക്കറ്റ് കിട്ടിയാൽ മാത്രം പോരാ. സ്റ്റേഡിയത്തിനുള്ളിൽ വിശന്നാൽ പേഴ്സും നല്ലപോലെ നിറഞ്ഞിരിക്കണം. കാരണം, ഫൈനൽ നടക്കുന്ന ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ ഭക്ഷണ-പാനീയങ്ങളുടെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുന്നത്.
'ദി അത്ലറ്റിക്' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഒരു സാധാരണ ആരാധകൻ ഏറ്റവും എളുപ്പത്തിൽ തിരഞ്ഞെടുക്കുന്ന ഹോട്ട് ഡോഗ്, ഫ്രഞ്ച് ഫ്രൈസ്, ഒരു ബിയർ എന്നിവ ഉൾപ്പെടുന്ന കോമ്പോയ്ക്ക് 32.5 ഡോളർ (ഏകദേശം 3,128 രൂപ) ചെലവാകും. അതായത്, ഒരു നേരത്തെ ലഘുഭക്ഷണത്തിന് തന്നെ മൂവായിരത്തിലേറെ രൂപ മുടക്കേണ്ടി വരും.

ഫൈനൽ മത്സരത്തിൽ ഇത്തവണ പ്രത്യേക ഹാഫ്-ടൈം ഷോയും, ട്രോഫി വിതരണവും, മത്സരശേഷമുള്ള ആഘോഷങ്ങളും ഉൾപ്പെടുന്നതിനാൽ ആരാധകർ മണിക്കൂറുകളോളം സ്റ്റേഡിയത്തിനുള്ളിൽ തന്നെ തുടരും. അതിനാൽ സ്റ്റേഡിയത്തിലെ ഭക്ഷണശാലകളെ ആശ്രയിക്കാതെ മറ്റൊരു മാർഗവും മിക്കവർക്കും ഉണ്ടാകില്ല.
സ്റ്റേഡിയത്തിനുള്ളിലെ പ്രധാന ഭക്ഷണങ്ങളുടെ വില
ചിക്കൻ ടെൻഡേഴ്സ് കോമ്പോ (4 ടെൻഡേഴ്സ്, ഫ്രൈസ്, സോഫ്റ്റ് ഡ്രിങ്ക്) – 19 ഡോളർ (ഏകദേശം 1,829 രൂപ)
ചിക്കൻ ടെൻഡേഴ്സ് മാത്രം – 1,251 മുതൽ 1,444 രൂപ വരെ
ഡെലി സാൻഡ്വിച്ച് – 16 ഡോളർ (ഏകദേശം 1,540 രൂപ)
ഹോട്ട് & സ്വീറ്റ് സോസേജ് സാൻഡ്വിച്ച് – 14 ഡോളർ (ഏകദേശം 1,348 രൂപ)
ടർക്കി സാൻഡ്വിച്ച് – 7 ഡോളർ (ഏകദേശം 674 രൂപ)
ഹോട്ട് ഡോഗ് – 8.5 ഡോളർ (ഏകദേശം 818 രൂപ)
ചീസ് പിസ്സ – 11 ഡോളർ (ഏകദേശം 1,059 രൂപ)
പെപ്പറോണി പിസ്സ – 12 ഡോളർ (ഏകദേശം 1,155 രൂപ)
ഫ്രഞ്ച് ഫ്രൈസ് – 8 ഡോളർ (ഏകദേശം 770 രൂപ)
ചീസ് ഫ്രൈസ് – 9 ഡോളർ (ഏകദേശം 866 രൂപ)

വെള്ളത്തിനും 'പൊള്ളുന്ന' വില
ഭക്ഷണം മാത്രമല്ല, ദാഹം തീർക്കാനും നല്ല തുക ചെലവാക്കണം.
കുടിവെള്ളം – 5 ഡോളർ (ഏകദേശം 481 രൂപ)
കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ – 6 ഡോളർ (ഏകദേശം 577 രൂപ)
പവർഎയ്ഡ് സ്പോർട്സ് ഡ്രിങ്ക് – 7 ഡോളർ (ഏകദേശം 674 രൂപ)
ഇത്രയും ഉയർന്ന വില കണ്ടാൽ മെറ്റ്ലൈഫ് സ്റ്റേഡിയമാണ് ഏറ്റവും ചെലവേറിയതെന്ന് തോന്നാം. എന്നാൽ റിപ്പോർട്ടുകൾ പറയുന്നത് മറ്റൊന്നാണ്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന മറ്റ് 15 സ്റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇവിടെ കുപ്പിവെള്ളത്തിന്റെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും വില താരതമ്യേന കുറവാണ്.
എന്തുകൊണ്ടാണ് ഓരോ സ്റ്റേഡിയത്തിലും വില വ്യത്യാസപ്പെടുന്നത്? ലോകകപ്പിനായി ഫിഫ ഭക്ഷണത്തിനും പാനീയങ്ങൾക്കും ഏകീകൃത നിരക്ക് നിശ്ചയിച്ചിട്ടില്ല. പകരം, ഓരോ സ്റ്റേഡിയത്തിനും അവിടുത്തെ നിലവിലെ കൺസെഷൻ ഓപ്പറേറ്റർമാരുമായി ചേർന്ന് സ്വന്തം വില നിശ്ചയിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പ് വേദികൾ മാറുന്നതിനനുസരിച്ച് ഭക്ഷണവിലയും മാറുന്നു.
ഫൈനൽ കാണാനുള്ള ടിക്കറ്റ്, യാത്ര, താമസം എന്നിവയ്ക്കൊപ്പം സ്റ്റേഡിയത്തിനുള്ളിലെ ഒരു നേരത്തെ ഭക്ഷണം കൂടിയാകുമ്പോൾ എത്ര തുകയാകും ഒരാൾ മാത്രം ഒറ്റ രാത്രി ചെലവിടുന്നത്!