'ലൂസേഴ്‌സ് ഫൈനൽ' ആ പേര് തന്നെ ടീമുകൾക്ക് നാണക്കേടോ? ലോകകപ്പിലെ മൂന്നാം സ്ഥാന പോരാട്ടത്തിന് പിന്നിലെ കളികൾ, യാഥാർഥ്യം
Is the 'Losers' Final' Really an Embarrassment? The Truth Behind the World Cup Third-Place Match
ഫുട്ബോൾ ലോകകപ്പിലെ വിചിത്രവും ചർച്ച ചെയ്യപ്പെടുന്നതുമായ മത്സരമാണ് മൂന്നാം സ്ഥാന പോരാട്ടം. സെമിഫൈനലിൽ തോറ്റ് ഫൈനൽ സ്വപ്നം തകർന്ന രണ്ട് ടീമുകൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും മൈതാനത്തിറങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:
"ഈ മത്സരത്തിന് ശരിക്കും എന്താണ് പ്രസക്തി?"
അതിലും ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ലോകമെമ്പാടും ഈ മത്സരത്തെ "Losers' Final" എന്നാണ് വിശേഷിപ്പിക്കുന്നത്. ഫിഫ തന്നെ ഇട്ടിരിക്കുന്നതും ഈ പേരാണ്.ആ പേര് തന്നെ ഒരു നാണക്കേടായി തോന്നിയാൽ കുറ്റം പറയാനുമാകില്ല. ലോകത്തിലെ മികച്ച നാല് ടീമുകളിൽ ഒന്നായിട്ടും, "പരാജിതരുടെ ഫൈനൽ" കളിക്കേണ്ടി വരുന്നത് മാനസികമായി വലിയ വെല്ലുവിളിയാണ്.

ലൂസേഴ്സിൽ തോറ്റാൽ തുടർച്ചയായ രണ്ട് തോൽവികളുടെ ഭാരവും പേറണം!
മൂന്നാം സ്ഥാന മത്സരം പല കളിക്കാർക്കും ഒരു "രണ്ടാം ശിക്ഷ" പോലെയാണ് അനുഭവപ്പെടുന്നത്. സെമിഫൈനലിൽ തോറ്റ് ഫൈനൽ സ്വപ്നം നഷ്ടമായ നിരാശ മാറും മുമ്പേ വീണ്ടും മൈതാനത്തിറങ്ങണം. ആ മത്സരവും തോറ്റാൽ ലോകകപ്പിന്റെ അവസാനഘട്ടത്തിൽ തുടർച്ചയായി രണ്ട് തോൽവികളുമായാണ് നാട്ടിലേക്ക് മടങ്ങേണ്ടി വരിക. ഓർത്തു നോക്കൂ, ഫ്രാൻസും ഇംഗ്ലണ്ടും സെമിക്കു മുമ്പ് ഒരൊറ്റ കളി ഇത്തവണ തോറ്റിട്ടില്ല.
ഇതോടെ, ടൂർണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനം പോലും അവസാന രണ്ട് മത്സരങ്ങളിലെ പരാജയങ്ങൾക്കുപിന്നിൽ മറഞ്ഞുപോകുന്നു. ചരിത്രം പരിശോധിച്ചാൽ മൂന്നാം സ്ഥാനക്കാരെ പിന്നെയും ഓർത്തിരിക്കും. എന്നാൽ നാലാം സ്ഥാനത്തെത്തിയ ടീമുകളെ പലപ്പോഴും എല്ലാവരും മറക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ചിലർ ഈ മത്സരത്തെ "ലോകകപ്പിലെ ഏറ്റവും ക്രൂരമായ മത്സരം" എന്നും വിശേഷിപ്പിക്കാറുണ്ട്.

ഫൈനൽ എന്ന വലിയ ലക്ഷ്യം നഷ്ടപ്പെട്ടതിന്റെ മാനസികാഘാതത്തിൽ നിൽക്കുന്ന കളിക്കാരെ വീണ്ടും ഒരു മത്സരത്തിലേക്ക് നിർബന്ധിക്കുന്നത് ക്രൂരതയാണെന്നാണ് ഫുട്ബോൾ ലോകത്തെ പല പ്രമുഖരുടെയും അഭിപ്രായം.
മുൻ നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ പറഞ്ഞത് ഇങ്ങനെയാണ്:
"ഈ മത്സരം ഒരിക്കലും നടത്തരുത്."
അദ്ദേഹത്തിന്റെ വാദം ഇങ്ങനെ- ഒരു ടീമിന്റെ ലക്ഷ്യം ലോകചാമ്പ്യന്മാരാകുക എന്നതാണ്. അതല്ലാതെ, ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും അവസാന രണ്ട് മത്സരങ്ങൾ തോറ്റ് നിരാശയോടെ മടങ്ങേണ്ടി വരുന്നത് കളിക്കാരെ സംബന്ധിച്ചിടത്തോളം വലിയ മാനസിക സമ്മർദ്ദമാണ്.പല ടീമുകളും തങ്ങളുടെ സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകി റിസർവ് ബെഞ്ചിലെ കളിക്കാർക്ക് അവസരം നൽകുന്ന വേദിയായി മൂന്നാം സ്ഥാന മത്സരത്തെ ഉപയോഗിക്കാറുണ്ട്.

എന്നിട്ടും എന്തുകൊണ്ട് ഫിഫ ഈ മത്സരം തുടരുന്നു?
വിമർശനങ്ങൾ ശക്തമാണെങ്കിലും, 1934 മുതൽ ലോകകപ്പിന്റെ ഭാഗമാണ് മൂന്നാം സ്ഥാന മത്സരം (1950-ൽ മാത്രം ഇത് നടന്നിരുന്നില്ല).
അതിന് പിന്നിൽ ചില വ്യക്തമായ കാരണങ്ങളുണ്ട്.
സമ്മാനത്തുക:
മൂന്നാം സ്ഥാനക്കാരനും നാലാം സ്ഥാനക്കാരനും ലഭിക്കുന്ന സമ്മാനത്തുകയിൽ വലിയ വ്യത്യാസമുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം മൂന്നാം സ്ഥാനത്തിന് 29 ദശലക്ഷം യു.എസ് ഡോളറും നാലാം സ്ഥാനത്തിന് 25 ദശലക്ഷം യു.എസ് ഡോളറുമാണ് ലഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഈ വ്യത്യാസം പല ഫുട്ബോൾ ഫെഡറേഷനുകൾക്കും നിർണായകമാണ്.
ഫിഫ റാങ്കിംഗും സീഡിംഗും:
ഈ മത്സരത്തിലെ വിജയം ഫിഫ റാങ്കിംഗ് പോയിന്റുകൾ വർധിപ്പിക്കുന്നു. ഭാവിയിലെ ലോകകപ്പ് സീഡിംഗ്, മറ്റ് അന്താരാഷ്ട്ര ടൂർണമെന്റുകളിലെ സ്ഥാനനിർണയം എന്നിവയിൽ ഇത് സ്വാധീനം ചെലുത്തും.
നാലാമനേക്കാൾ ഭേദമാകാമല്ലോ മൂന്നാമതായാൽ :
നാലാം സ്ഥാനത്തേക്കാൾ ഭേദമായ മൂന്നാം സ്ഥാനത്തെത്തി ബ്രോൺസ് മെഡൽ നേടുക എന്നത് ഇപ്പോഴും വലിയ നേട്ടമായാണ് പല രാജ്യങ്ങളും കാണുന്നത്. ലോകകപ്പ് ഒരു വിജയത്തോടെ അവസാനിപ്പിക്കുക എന്നത് ടീമുകൾക്കും ആരാധകർക്കും ചെറുതായി ആത്മവിശ്വാസം നൽകിയേക്കാം എന്ന മന:ശാസ്ത്ര വശവും ഈ മത്സരത്തിന് പിന്നിൽ ഉണ്ടായിരിക്കാം.
മിയാമിയിലെ മൂന്നാം സ്ഥാന പോരാട്ടം ഇന്ന് അർധരാത്രിക്കുശേഷം ഇന്ത്യൻ സമയം 2.30നാണ്.