വേദിയിലേക്ക് ഇരച്ചുകയറി പൊലീസ് ; ഇരുട്ടത്ത് നേതാവ് അറസ്റ്റിൽ; തലസ്ഥാനത്ത് വൻസംഘർഷം
ഡൽഹിയിലെ ജന്തർ മന്തറിൽ 20 ദിവസമായി നിരാഹാരസമരം നടത്തിയിരുന്ന സോനം വാങ്ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി; നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.
അങ്ങ് രാജ്യതലസ്ഥാനമായ ദില്ലിയിൽ ഇന്ന് പുലർച്ചെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. 20 ദിവസമായി ജന്തർമന്ദിറിൽ നിരാഹരാസമരം നടത്തിവന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സമരവേദിയിൽ കയറി അറസ്റ്റ് ചെയ്ത് പൊലീസ് ആശുപത്രിയിലാക്കി. ഇന്ന് പുലർച്ചെ അതിനാടകീയമായി പൊലീസ് തങ്ങളുടെ ഓപ്പറേഷൻ നടപ്പാക്കുകയായിരുന്നു. നൂറുകണക്കിന് പൊലീസുകാർ സമരവേദിയിലേക്ക് ഇരച്ചുകയറി ബലം പ്രയോഗിച്ചുള്ള അറസ്റ്റിന് ശ്രമിച്ചത് കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർ തടഞ്ഞതോടെ വൻസംഘർഷമാണ് ഉണ്ടായത്. സോനം വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമായി തുടരുന്നതിനെയാണ് പൊലീസ് നിർണായക നീക്കം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. അറസ്റ്റ് തടയാൻ സിജെപി പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സമരവേദി സംഘർഷഭൂമിയായി മാറി.
ദില്ലി ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. വാങ്ചുക്കിന്റെ ആരോഗ്യനില വളരെ മോശമായത് കൊണ്ടാണ് നടപടിയെന്ന് തുടർച്ചയായി വിളിച്ച് പറഞ്ഞായിരുന്നു 21 ആം ദിവസം പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരാഹാരം തുങ്ങിയതിന് ശേഷം വാങ് ചുക്കിന്റെ ശരീരഭാരത്തിൽ 9 കിലോയോളം കുറവാണ് സംഭവിച്ചത്. കഴിഞ്ഞ ദിവസം വിഷയം ദില്ലി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഏത് പൗരന്റേയും ജീവൻ അമൂല്യമാണെന്നാണ് നിരീക്ഷിച്ചത്. അടിയന്തരവൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. എന്നാൽ സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നാണ് സിജെപിയുടെ ആരോപണം. ജന്തർമന്തിറിൽ സമരം നടത്തുന്നത് തടയാനുള്ള തന്ത്രമാണ് പൊലീസ് നടത്തുന്നതെന്നും സമരം തുടരുമെന്നുമാണ് അഭിജ്ത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കള് വ്യക്തമാക്കുന്നത്.

നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സോനം വാങ്ചുക്ക് ജൂൺ 28 ന് ജന്തർമന്തിറിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം എന്നേ കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു. ഇതോടെയാണ് വാങ്ചുക് രംഗത്തിറങ്ങിയത്. മുന്നോട്ട് വെച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കഴിഞ്ഞദിവസവും വാങ്ചുക്ക് വ്യക്തമാക്കിയത്. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച സിജെപി പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അതിൽ താൻ പങ്കെടുക്കുമെന്നും അന്ന് വരെ ഏത് വിധേനയും ജീവനോടെയിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് മാർച്ച് വിജയിച്ചില്ലെങ്കിൽ താൻ പ്രേതമായി തിരിച്ചെത്തുമെന്നായിരുന്നു സോനം വാങ്ചുക്കിന്റെ വാക്കുകൾ.
രാഷ്ട്രീയപാർട്ടികളിൽ നിന്ന് കാര്യമായ പിന്തുണ സമരത്തിന് കിട്ടുന്നില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ സമരത്തെ തിരിഞ്ഞ് നോക്കുന്നില്ല. ഇത് വലിയ വിവാദമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ശശി തരൂർ, പവൻ ഖേര ഉൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തലിലെത്തി വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിക്കാൻ നിർബന്ധിതരായി. പക്ഷെ രാഷ്ട്രീയ പാർട്ടികൾ മാറിനിൽക്കുമ്പോൾ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വാങ്ചുക്കിന് പിന്തുണയുമായി രംഗത്തുണ്ട് എന്നത് ശ്രദ്ധേയമാണ്. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയമായി വാങ്ചുക്കിന്റെ സമരം മാറിയിരുന്നു. അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു. രാജ്യതലസ്ഥാനത്ത് യുവാക്കളുടെ നേതൃത്വത്തിലുള്ള ഒരു സമരം ഇങ്ങനെ ശക്തിപ്രാപിക്കുന്നത് കേന്ദ്രസർക്കാർ ഇഷ്ടപ്പെടുന്നില്ല. അത് തങ്ങൾക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ഉത്തമബോധ്യം നേതൃത്വത്തിനുണ്ട്. അതിനിടയിലാണ് വാങ്ചുക്കിനെ സമരപ്പന്തലിൽ നിന്ന് നീക്കിയിരിക്കുന്നത്. ഇനി സിജെപി പ്രവർത്തകരെ ജന്തർമന്തിറിൽ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായാൽ അത് കൂടുതൽ സംഘർഷത്തിന് കാരണമാകുമെന്ന് ഉറപ്പാണ്.
മിഥുൻ നാഥ്