ഇ20 പെട്രോൾ വ്യാപകമായിട്ടും എഥനോൾ ഇറക്കുമതി കുറയുന്നില്ല; അമേരിക്കൻ ആശ്രിതത്വം വർധിക്കുന്നു

ഇ20 പെട്രോൾ പദ്ധതിയോടെ രാജ്യത്തെ എഥനോൾ ഉത്പാദനം റെക്കോർഡ് തോതിൽ ഉയർന്നെങ്കിലും ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയുന്നില്ല. എഥനോൾ ആവശ്യകത വർധിച്ചതോടെ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിയും ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഇ20 പെട്രോൾ വ്യാപകമായിട്ടും എഥനോൾ ഇറക്കുമതി കുറയുന്നില്ല; അമേരിക്കൻ ആശ്രിതത്വം വർധിക്കുന്നു

ഡൽഹി: രാജ്യത്ത് ഇരുപത് ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോൾ അവതരിപ്പിച്ചതോടെ എഥനോൾ ഉത്പാദന മേഖലയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. 2016-ൽ വെറും 45 കോടി ലിറ്ററായിരുന്ന രാജ്യത്തെ എഥനോൾ ഉത്പാദനം 2025-ഓടെ 970 കോടി ലിറ്ററായി കുതിച്ചുയർന്നു. കേന്ദ്ര പൊതുവിതരണ വകുപ്പിന്റെയും ഓൾ ഇന്ത്യ ഡിസ്റ്റിലറീസ് അസോസിയേഷന്റെയും 2025 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ അഞ്ഞൂറോളം ഡിസ്റ്റിലറികളിലായി പ്രതിവർഷം 1,822 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവിലുണ്ട്. ഇ20 പെട്രോളിന്റെ വ്യാപനത്തോടൊപ്പം എഥനോളിനുള്ള വർധിച്ചുവരുന്ന ആവശ്യമാണ് ഈ മേഖലയിലെ നിക്ഷേപവും ഉത്പാദനശേഷിയും ഗണ്യമായി വർധിക്കാൻ വഴിവെച്ചത്.എന്നാൽ, ആഭ്യന്തര ഉത്പാദനത്തിൽ വൻ വർധനയുണ്ടായിട്ടും എഥനോൾ ഇറക്കുമതിയിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ആഭ്യന്തര ഉത്പാദനത്തിനൊപ്പം ആവശ്യകതയും കുത്തനെ ഉയർന്നതിനാൽ ഇറക്കുമതിയെ ഒഴിവാക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, എഥനോൾ ഇന്ധന വ്യാപാര കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം) 2018-19 സാമ്പത്തിക വർഷത്തിൽ 28 കോടി ഡോളറായിരുന്നെങ്കിൽ, 2024-25 സാമ്പത്തിക വർഷത്തിൽ അത് 45.9 കോടി ഡോളറായി ഉയർന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഈ കമ്മി നേരിയ തോതിൽ കുറഞ്ഞ് 40.3 കോടി ഡോളറിലെത്തുകയും ചെയ്തു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എഥനോളിന്റെ പ്രധാന ഉറവിടം അമേരിക്കയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത എഥനോളിന്റെ 79 ശതമാനവും അമേരിക്കയിൽ നിന്നായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഈ വിഹിതം വീണ്ടും ഉയർന്ന് 94 ശതമാനത്തിലെത്തി. ഇതോടെ എഥനോൾ വിതരണത്തിൽ അമേരിക്കയെ ആശ്രയിക്കുന്ന ഇന്ത്യയുടെ നില കൂടുതൽ ശക്തമായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ ഭൂരിഭാഗവും ഇ20 പെട്രോളിനായുള്ള ഇന്ധനമിശ്രണത്തിനാണ് ഉപയോഗിക്കുന്നത്. അതേസമയം,  മറ്റ് പല  വ്യാവസായിക ആവശ്യങ്ങൾക്കും എഥനോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര ഉത്പാദനം ഈ രണ്ട് മേഖലകളിലെയും ആവശ്യകത ഒരേസമയം നിറവേറ്റാൻ പര്യാപ്തമല്ലാത്തതിനാൽ അധിക ആവശ്യത്തിനായി ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യം തുടരുകയാണ്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാനുള്ള മാർഗമായാണ് കേന്ദ്ര സർക്കാർ ഇ20 ഇന്ധന നയം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ഇന്ധനത്തിനായി എഥനോൾ ഉപയോഗം വർധിക്കുന്നതിനൊപ്പം അതിന്റെ ഇറക്കുമതിയും ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം എഥനോൾ ഇറക്കുമതിയിലൂടെ നഷ്ടമാകുമെന്ന ആശങ്കയും വിദഗ്ധർ ഉയർത്തുന്നുണ്ട്.