കൊട്ടിക്കലാശം ഇന്ന്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കൊട്ടിക്കലാശം ഇന്ന്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. മറ്റന്നാളാണ് വോട്ടെടുപ്പ്.കേന്ദ്രീകൃത കലാശക്കൊട്ടിന് പാലാരിവട്ടം ജംക്ഷനാണ് മൂന്ന് മുന്നണികള്‍ക്കും അനുവദിച്ചിരിക്കുന്നത്. ജംക്ഷന്റെ മൂന്ന് ഭാഗങ്ങളിലായി മൂന്ന് മുന്നണികളും അണിനിരക്കും. വൈറ്റില, കാക്കനാട്, എന്‍ജിഒ ക്വാട്ടേഴ്‌സ്, പടമുകള്‍, ചെമ്പുമുക്ക് ജംഗ്ഷനുകളില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. യുഡിഎഫ് വാഹന റാലി ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് നിന്ന് ആരംഭിക്കും. നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങള്‍ ചുറ്റി പാലാരിവട്ടം ജംഗ്ഷനില്‍ എത്തും. പാലാരിവട്ടത്തെ കലാശക്കൊട്ടിന് പുറമെ എല്ലാ ലോക്കല്‍ കമ്മിറ്റി കേന്ദ്രങ്ങളിലും എല്‍ഡിഎഫ് കലാശക്കൊട്ട് ഒരുക്കിയിട്ടുണ്ട്.കലക്ടറേറ്റ് ജനംഗഷനില്‍ നിന്നാണ് ബിജെപിയുടെ വാഹന പ്രചാരണ ജാഥ ആരംഭിക്കുന്നത്. എഎന്‍ രാധാകൃഷ്ണനായി ഇന്ന് പിസി ജോര്‍ജ് തൃക്കാക്കരയില്‍ പ്രചരണത്തിനെത്തുന്നുണ്ട്. മൂന്ന് മുന്നണികളുടെയും ശക്തമായ പ്രചരണങ്ങളാണ് ഇന്നത്തെ കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്.