പി സി ജോര്‍ജ് തൃക്കാക്കരയില്‍; പിണറായിക്കെതിരെ മോശം പരാമര്‍ശം
പിണറായിയുടേത് നാണംകെട്ട പൊലീസാണെന്നും നാല് ദിവസം അരിച്ചുപെറുക്കിയിട്ടും തന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നും പിസി ജോര്‍ജിന്റെ പരിഹാസം. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനിപ്പോള്‍ മുങ്ങിയാല്‍ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിനെ എന്നെ പിടിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ശ്രമം. ഞാന്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നതും വി എസിന്റെ ആളായതുമാണ് പിണറായിയുടെ വൈരാഗ്യത്തിന്റെ കാരണം. ഞാന്‍ വിഎസിന്റെ ആളു തന്നെയാണ്. വിഎസ് പോയതിന് ശേഷം കേരളത്തില്‍ കമ്മ്യൂണിസത്തിന് പകരം സ്റ്റാലിനിസവും പിണറായിസവുമാണുള്ളത്. നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് അറസ്റ്റിന് വിധേയനായത്. പിണറായിക്ക് കഴിവില്ലാത്തതിനാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണം. ഞാന്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്തിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ ആ സമുദായത്തെ അപ്പാടെ അപമാനിച്ചെന്ന് വരുത്തിത്തീര്‍ത്ത് വോട്ട് തട്ടാനാണ് ഇരു മുന്നണികളുടെയും ശ്രമം.