രാജ്യത്തെ ഏറ്റവും വലിയ ട്രമഡോൾ വേട്ട; ₹1,000 കോടിയുടെ 12 കോടി ഗുളികകൾ പിടികൂടി, മലയാളികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ.

'ഓപ്പറേഷൻ വജ്ര'യിൽ അന്തർദേശീയ ലഹരി ശൃംഖല തകർത്ത് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ്; കൊച്ചിയിൽ നിന്ന് രണ്ട് മലയാളികൾ പിടിയിൽ

രാജ്യത്തെ ഏറ്റവും വലിയ ട്രമഡോൾ വേട്ട; ₹1,000 കോടിയുടെ 12 കോടി ഗുളികകൾ പിടികൂടി, മലയാളികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ.

ന്യൂഡൽഹി/കൊച്ചി: രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വൻ ഓപ്പറേഷനിൽ ഏകദേശം ₹1,000 കോടിയിലധികം വിലമതിക്കുന്ന 12 കോടി ട്രമഡോൾ ഗുളികകൾ പിടിച്ചെടുത്തു. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (CBN) നടത്തിയ "ഓപ്പറേഷൻ വജ്ര'" യുടെ ഭാഗമായാണ് ഈ ചരിത്രപരമായ ലഹരിവേട്ട നടന്നത്. 

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാറിനെയും മലപ്പുറം സ്വദേശി ഫിർദോസിനെയും കൊച്ചി ഇടപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഡയറക്ടറെയും നേരത്തെ പിടികൂടിയിട്ടുണ്ട്. ഇവരാണ് അന്തർദേശീയ ട്രമഡോൾ കടത്ത് ശൃംഖലയുടെ പ്രധാന ആസൂത്രകരെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 

അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഏകദേശം 30,000 കിലോഗ്രാം ട്രമഡോൾ ആണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട ശക്തമായ വേദനസംഹാരിയായ ട്രമഡോൾ, അനധികൃതമായി കടത്തപ്പെടുമ്പോൾ ലഹരിമരുന്നായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ്. പ്രത്യേകിച്ച് സംഘർഷ മേഖലകളിൽ ഈ മരുന്നിന് വലിയ ആവശ്യകതയുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. 

ജൂലൈ 10 മുതൽ 20 വരെ ഗ്വാളിയോറിലെ സി.ബി.എൻ. പ്രിവന്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡൽഹി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നടത്തിയ ഏകോപിത റെയ്ഡുകളിലൂടെയാണ് വൻ ശൃംഖല പൊളിച്ചടുക്കിയത്. ഡിആർഐ ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണത്തിൽ സഹകരിച്ചു. 

ആഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്നതായി രേഖകൾ തയ്യാറാക്കി, യഥാർത്ഥത്തിൽ ലിബിയയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്താരാഷ്ട്ര നാർക്കോട്ടിക്സ് കൺട്രോൾ ബോർഡുമായും ഗിനിയ-ബിസാവു അധികൃതരുമായും നടത്തിയ വിവരശേഖരണത്തിലൂടെയാണ് രേഖകളിലെ ക്രമക്കേടുകൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് മലയാളി സൂത്രധാരന്മാരിലേക്ക് എത്തിച്ചത്. 

പ്രതികൾക്കെതിരെ 1985-ലെ എൻ.ഡി.പി.എസ്. (Narcotic Drugs and Psychotropic Substances) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ശൃംഖലയ്ക്ക് കൂടുതൽ അന്തർദേശീയ ബന്ധങ്ങളുണ്ടോയെന്നും മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.