ജീവനക്കാരെ കുറ്റപ്പെടുത്തി ഹൈക്കോടതിയിൽ കെ എസ്ആർടിസിയുടെ സത്യവാങ്മൂലം
പൊതു ഗതാഗതത്തിനാണ് പ്രാധാന്യം
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുൻഗണനയെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ്. പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിനാണെന്നും കെ എസ്ആർടിസി മാനേജ്‌മെന്റ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വരുമാനം ഉണ്ടായെങ്കിൽ മാത്രമേ ശമ്പളം കൃത്യമായി നൽകാനാകൂ എന്നും കെ എസ്ആർടിസി അറിയിച്ചു. മിന്നൽ സമരം ദോഷകരമാണ്. കൃത്യമായി സർവീസ് നടത്തിയാലേ ശമ്പളം നൽകാനാകൂ. സമരത്തിലൂടെയല്ല പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. അടിക്കടിയുണ്ടാകുന്ന സമരങ്ങൾ ജനങ്ങളെ കെഎസ്ആർടിസിയിൽ നിന്ന് അകറ്റുകയാണ് ചെയ്യുക. സർക്കാർ സഹായത്താലാണ് ഇപ്പോൾ ശമ്പളം നൽകുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിൽപ്പോലും നിത്യ ചെലവിനുള്ള പണം പോലും കെഎസ്ആർടിസിക്ക് തികയുന്നില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് മാനേജ്‌മെന്റ് സത്യവാങ്മൂലം സമർപ്പിച്ചത്. അഞ്ചാം തീയതി ശമ്പളം നൽകണമെങ്കിൽ, അതിനുള്ള കൃത്യമായ വരുമാനം കെഎസ്ആർടിസിക്കില്ല. ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദനക്ഷമത കുറയാൻ കാരണമെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. 600 ഓളം ബസുകൾ കട്ടപ്പുറത്തുണ്ട്. ഇവ നിരത്തിലിറക്കുന്നതിന് വേണ്ടി 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തണമെന്ന നിർദേശം കൂടി മാനേജ്‌മെന്റ് മുന്നോട്ടുവെക്കുന്നു. കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനായി മാനേജ്‌മെന്റും സർക്കാരും ശ്രമങ്ങൾ നടത്തുകയാണ്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനേജ്‌മെന്റ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം രക്ഷപ്പെടുത്താൻ മാനേജ്‌മെന്റ് കൊണ്ടു വരുന്ന പരിഷ്‌കാരങ്ങളെ ജീവനക്കാർ എതിർക്കുന്നതായും സത്യവാങ്മൂലത്തിൽ വിമർശനമുണ്ട്. ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം കൊണ്ടേ ഫലമുണ്ടാകൂ എന്ന് ജീവനക്കാർ നിലപാടെടുത്താൽ നഷ്ടത്തിലുള്ള കോർപ്പറേഷൻ വൻ ദുരന്തത്തിലേക്കാകും പോകുക. ജീവനക്കാരുടെ സമരത്തിൽ കേരളത്തിലെ പല വ്യവസായങ്ങളും നശിച്ചിട്ടുണ്ട്. മാർച്ച് 28,29, മെയ് 6 തീയതികളിൽ ജീവനക്കാർ നടത്തിയ സമരത്തിൽ 25 കോടി രൂപ നഷ്ടപ്പെട്ടു. ജീവനക്കാരുടെ കാര്യക്ഷമത കൂട്ടിയാൽ വരുമാനം കൂട്ടാൻ സാധിക്കുമെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു.