ലോക കേരള സഭ ആർക്ക് വേണ്ടി: ജെ എസ് അടൂർ

ഇതുകൊണ്ട് എന്ത് നേട്ടമാണ് കേരളത്തിന് ഉണ്ടായത്

ലോക കേരള സഭ ആർക്ക് വേണ്ടി: ജെ എസ് അടൂർ

പൗര പ്രമുഖർക്ക് വേണ്ടി സർക്കാർ പ്രമുഖർ നടത്തുന്ന ലോക കേരള സഭ എന്ന പി ആർ മാമാങ്കം കൊണ്ടു ആർക്കാണ് പ്രയോജനമെന്ന് കെപിസിസി പൊതുനയ സമിതിയുടെ അധ്യക്ഷനായിരുന്ന ജെ എസ് അടൂർ. കേരളത്തിലെ പൊതുവെയുള്ള സാമ്പത്തിക അവസ്ഥ പരിതാപാകരമാണ്. പൊതുകടം മാത്രം ഏതാണ്ട് 3.7 ലക്ഷം കോടി. കടമെടുത്താണ് ശമ്പളവും പെൻഷനും പലിശയും കൊടുക്കുന്നത്. കടം എടുത്താണ് മന്ത്രിമാരുടെ സന്നാഹങ്ങൾ എല്ലാം.

ലോക കേരള സഭ കൊണ്ടു എന്ത് പുതിയ ഇൻവെസ്റ്റ്മെന്റാണ് കേരളത്തിൽ വന്നത്? എത്ര വിദേശ ഇൻവെസ്റ്റ്മെന്റ് കേരളത്തിൽ വന്നു? ഏതെങ്കിലും സാധാരണ പ്രവാസികൾക്ക് അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായോ? ഗൾഫിൽ ജോലി നഷ്ട്ടപെട്ട് ഏതാണ്ട് ആറു ലക്ഷം പേരുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ ഇല്ലായ്മയുള്ള സംസ്ഥാനങ്ങളിലാണ് കേരളം. കഴിഞ്ഞ രണ്ട് ലോക കേരള സഭയിൽ എടുത്ത എത്ര തീരുമാനം നടപ്പാക്കി? മുഖ്യമന്ത്രി പ്രവാസികളോട് പറഞ്ഞ ഏതെങ്കിലും വാഗ്ദാനം നടപ്പാക്കിയോ? കോവിഡ് സമയത്ത് പ്രവാസികളെ രണ്ടാം തരം പൗരൻമാരായി കണ്ടത് പലരും മറന്നുകാണും. ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബത്തിനു കോവിഡ് വന്നപ്പോൾ അവരോട് എങ്ങനെയാണ് പെരുമാറിയത്?

 കടത്തിൽ മുങ്ങി നിൽക്കുന്ന സർക്കാർ വീണ്ടും ‘ പൗര പ്രമുഖർക്ക് ‘ വേണ്ടി ലോക കേരള സഭ എന്ന പേരിൽ കോടികൾ പൊട്ടിക്കുന്നത് അശ്ലീലമാണ്. ധൂർത്തുകൾ നടത്തി നിഷ്ഫല പി ആർ മാമാങ്കം കൊണ്ടു കേരളത്തിലും വിദേശത്തുമുള്ള സാധാരണക്കാർക്കും ദുരിതമനുഭവിക്കുന്നവർക്കും എന്ത്‌ പ്രയോജനം.? ഇങ്ങനെയുള്ള നിഷ്ഫല ധൂർത്ത് മാമാങ്കങ്ങളും സംരഭങ്ങളും അടിസ്ഥാന ജനായത്ത ബോധമുള്ള സർക്കാർ ഒഴിവാക്കും. ഒഴിവാക്കണം. അടിസ്ഥാന ജനായത്ത ബോധമുള്ളവർ കടം വാങ്ങി ധൂർത്തു അടിക്കുന്ന ഇത്പോലുള്ള നിഷ്ഫല ഏർപ്പാടുകളെ ബഹിഷ്കരിക്കണം.